ബസിൽനിന്നു തെറിച്ചുവീണ് വീട്ടമ്മ മരിച്ചു
Monday, December 30, 2024 3:16 AM IST
തിരുവില്വാമല (തൃശൂർ): തിരുവില്വാമല ഹൈസ്കൂൾ ഗ്രൗണ്ടിനു സമീപം സ്വകാര്യ ബസിൽനിന്നു തെറിച്ചുവീണ് വീട്ടമ്മ മരിച്ചു. പഴമ്പാലക്കോട് കൂട്ടുപാതയ്ക്കു സമീപം ചക്കിങ്കൽ ഇന്ദിരാദേവിയാണ് (65) മരിച്ചത്.
ഇന്നലെ രാവിലെ ആറരയോടെയാണു സംഭവം. കൊല്ലങ്കോട് -കാടാമ്പുഴ റൂട്ടിലോടുന്ന മർവ ബസാണ് അപകടമുണ്ടാക്കിയത്. മകനും കുടുംബവും ഒന്നിച്ച് കാടാമ്പുഴ ക്ഷേത്രദർശനത്തിന് പോകുകയായിരുന്ന ഇവർ അപകടംനടന്ന സ്ഥലത്തിനു തൊട്ടുമുന്‍പുള്ള കൂട്ടുപാത സ്റ്റോപ്പിൽനിന്നാണു ബസിൽ കയറിയത്. ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു.
റോഡിൽ ചത്തുകിടന്നിരുന്ന പൂച്ചയെ വെട്ടിച്ച് അമിതവേഗത്തിൽ വളവ് തിരിയുന്നതിനിടെ ഇന്ദിരാദേവി ബസിൽനിന്നു റോഡിലേക്കു തെറിച്ചുവീഴുകയായിരുന്നു. ഉടനെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭർത്താവ്: പരേതനായ സത്യനാരായണൻ. മകൻ: സുധീപ്. മരുമകൾ: ആതിര.