സീരിയല്‍-സിനിമാ നടന് ദിലീപ് ശങ്കര്‍ ഹോട്ടൽ മുറിയിൽ മരിച്ച നിലയില്‍
Monday, December 30, 2024 1:57 AM IST
തിരുവനന്തപുരം: സീരിയല്‍ സിനിമാ നടനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം ചേരാനല്ലൂര്‍ തെക്കന്‍ ചിറ്റൂര്‍ ദേവാങ്കണത്തില്‍ ദിലീപ് ശങ്കറിനെയാണ് (50) വാൻറോസ് ജംഗ്ഷനിലുള്ള ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിനു രണ്ടുദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു.
സീരിയലിന്റെ ഷൂട്ടിംഗിനായി നാലുദിവസം മുമ്പാണ് ദിലീപ് ശങ്കര്‍ ഹോട്ടലില്‍ മുറിയെടുത്തത്. എല്ലാ ദിവസവും പ്രഭാതഭക്ഷണം കഴിക്കാനായി എത്തും. റൂമിലേക്കു ഭക്ഷണം എത്തിച്ചിരുന്നില്ല. രണ്ട് ദിവസമായി പുറത്തേക്ക് കാണാതിരുന്നതിനെ തുടര്‍ന്നു ഹോട്ടല്‍ അധികൃതര്‍ പോലീസിനെ വിവരം അറിയിച്ചു.
പോലീസെത്തി മുറി തുറന്നപ്പോള്‍ ദിലീപ് ശങ്കര്‍ കട്ടിലിന് സമീത്ത് വീണുകിടക്കുന്ന നിലയിലായിരുന്നു. മുറിയില്‍ നിന്ന് മദ്യക്കുപ്പിയും മറ്റും കണ്ടെടുത്തതായി കന്റോണ്‍മെന്റ് സിഐ പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ ദുരൂഹത ഇല്ലെന്നും വീഴ്ചയില്‍ തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്നുമാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതെന്നും സിഐ വ്യക്തമാക്കി. ഫോറന്‍സിക് വിദഗ്ധരും മുറിയില്‍ തെളിവെടുത്തു.
സീരിയലിലെ സഹഅഭിനേതാക്കള്‍ ദിലീപിനെ രണ്ടുദിവസം മുമ്പ് ഫോണില്‍ വിളിച്ചിരുന്നെങ്കിലും കിട്ടിയിരുന്നില്ല. ദിലീപിന് കരള്‍ രോഗം അടക്കമുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സുമയാണ് ഭാര്യ. ദേവ, ധ്രുവ് എന്നിവര്‍ മക്കളാണ്. ചാപ്പാകുരിശ്, നോര്‍ത്ത് 24 കാതം, ജീവന് മശായ് തുടങ്ങിയ സിനിമകളിലും സുന്ദരി, അമ്മ അറിയാതെ, പഞ്ചാഗ്നി, ഏതോ ജന്മകല്പനയില് തുടങ്ങിയ സീരിയിലുകളിലും അഭിനയിച്ചിട്ടുണ്ട്.