മുനമ്പത്തേതു വഖഫ് ഭൂമിയാണെന്ന വാദം നിലനിൽക്കില്ല: കെആര്‍എല്‍സിസി
Monday, December 30, 2024 1:57 AM IST
കൊച്ചി: മുനമ്പത്തെ 610 കുടുംബങ്ങള്‍ വിലകൊടുത്ത് നിയമാനുസൃതം സ്വന്തമാക്കി അനുഭവിച്ചുവന്നിരുന്ന ഭൂമി വഖഫ് ഭൂമിയാണെന്ന വഖഫ് ബോര്‍ഡിന്റെ നിലപാട് നിയമപരമായും ധാര്‍മികമായും നിലനില്‍ക്കാത്തതാണെന്ന് കേരള റീജൺ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെആര്‍എല്‍സിസി). മുനമ്പം പ്രശ്നപരിഹാരത്തിനായി സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷല്‍ കമ്മീഷന് ചെയര്മാന് ജസ്റ്റീസ് സി.എന്‍. രാമചന്ദ്രന്‍നായര്‍ക്കു സമര്‍പ്പിച്ച നിവേദനത്തിലാണ് കെആര്‍എല്‍സിസി ഇക്കാര്യം വ്യക്തമാക്കിയത്.
2019ല്‍ മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയാണെന്ന് ഏകപക്ഷീയമായി തീരുമാനിക്കുകയും ആസ്തിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്ത കേരള വഖഫ് ബോര്‍ഡിന്റെ തീരുമാനം പൂര്‍ണമായും തെറ്റും അനുചിതവുമാണ്. വഖഫ് ആധാരം എന്നു പറയപ്പെടുന്ന രേഖയിലെ വ്യവസ്ഥകള്‍, അക്കാലത്തെ ഭൂമിയുടെ യഥാർഥ കൈവശാവകാശികള്‍, ആ കാലയളവില്‍ നിലനിന്നിരുന്ന നിയമവ്യവസ്ഥകള്‍, തീരുമാനത്തിന്റെ നിയമപരമായ പ്രത്യാഘാതങ്ങള്‍ എന്നിവയൊന്നും കണക്കിലെടുക്കാതെ ഏകപക്ഷീയമായി വഖഫ് ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു.
1988-93 കാലയളവിലാണ് ഫാറൂഖ് കോളജ് അധികാരികള്‍ ഈ ഭൂമി അക്കാലത്തെ വിപണി വിലയ്ക്കനുസൃതമായി മുനമ്പം നിവാസികള്‍ക്കു കൈമാറുന്നത്. 1954ലെ വഖഫ് നിയമത്തിലെ വകുപ്പ് 36 അനുസരിച്ച് വഖഫ്ബോര്‍ഡ് ആസ്തി രജിസ്റ്ററില്‍ ചേര്‍ത്തിട്ടുള്ള ഏതൊരു ഭൂമിയും ബോര്‍ഡിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ കൈമാറ്റം ചെയ്യാന്‍ പാടുള്ളതല്ല. ഇക്കാലയളവില്‍ നിലനിന്നിരുന്ന 1954ലെ വഖഫ് നിയമത്തിലെ സെക്ഷന്‍ 36 (ബി) വ്യവസ്ഥയനുസരിച്ച് വഖഫ് ബോര്‍ഡിന്റെ ആസ്തി രജിസ്റ്ററില്‍ വഖഫ് സ്വത്തായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഭൂമിയുടെ ക്രയവിക്രയത്തിനു മാത്രമാണ് വഖഫ് ബോര്‍ഡിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമായി വരുന്നത്.
എന്നാല്‍ മുനമ്പത്തെ ഭൂമി ഇടപാടുകള്‍ വഖഫ് ബോര്‍ഡിന്റെ മുന്‍കൂര്‍ അനുമതി വാങ്ങാതെയാണ് എന്നതിനാല്‍ അസാധുവാകുന്നു എന്നാണ് വഖഫ് ബോര്‍ഡ് വാദിക്കുന്നത്. ഈ സ്വത്തുക്കളാകട്ടെ 2019 വരെ വഖഫ് ബോര്‍ഡിന്റെ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കാരണം, ഈ ഭൂമി ഫാറൂഖ് കോളജിനു സമ്മാനമായി ലഭിച്ച സ്വത്താണ്.
1975 ല്‍ കേരള ഹൈക്കോടതി വിധിയില്‍ ഫാറൂഖ് കോളജിനു സമ്മാനമായി ലഭിച്ചതാണെന്ന് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. അതിനാല്‍ ഫാറൂഖ് കോളജ് വസ്തുക്കള്‍ കൈമാറിയ നടപടി നിയമപരമായി സാധുതയുള്ളതാണെന്നും വഖഫ് ബോര്‍ഡിന്റെ തീരുമാനം നിയമപരമല്ലാത്തതും അധാര്‍മികവുമാണെന്നും കെആര്‍എല്‍സിസി വ്യക്തമാക്കി.
കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ജനറല്‍ സെക്രട്ടറി റവ.ഡോ. ജിജു ജോര്‍ജ് അറക്കത്തറ, മുന്‍ ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍ എന്നിവര്‍ കമ്മീഷന് ഓഫീസിലെത്തിയാണ് നിവേദനം സമര്‍പ്പിച്ചത്.