രാജ്യത്തെ മതവിശ്വാസികളും മതേതരവാദികളും വലിയ അപകടത്തിൽ: കുഞ്ഞാലിക്കുട്ടി
Monday, December 30, 2024 1:57 AM IST
ആമ്പല്ലൂര്‍: ഭരണഘടന ഭേദഗതി ചെയ്യുമെന്ന ആശങ്ക നിലനില്‍ക്കേ രാജ്യത്തെ മതവിശ്വാസികളും മതേതരവാദികളും വലിയ അപകടത്തിലാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. എസ്വൈഎസ് കേരള യുവജന സമ്മേളനത്തിലെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതവിശ്വാസത്തിലും ധാര്‍മികതയിലും ഉറപ്പിച്ചുനിര്‍ത്തേണ്ട കാലത്ത് മുഖ്യധാരയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ഐക്യം കാത്തുസൂക്ഷിക്കേണ്ടതാണെന്നും മറ്റെല്ലാം അതിനു ശേഷമേ പരിഗണിക്കേണ്ടതുള്ളൂ എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളുടെ വികസനത്തിനും പുരോഗതിക്കും വേണ്ട വിദ്യാഭ്യാസ പദ്ധതികള്‍ നടപ്പാക്കണമെന്ന് സമ്മേളനം സര്‍ക്കാരുകളോടു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ന്യൂനപക്ഷ-ദളിത് പിന്നാക്ക ജനവിഭാഗങ്ങളുടെ ഉന്നത വിദ്യാഭ്യാസരംഗത്ത് സൗഹൃദാന്തരീക്ഷമല്ല നിലനില്‍ക്കുന്നത്. ന്യൂനപക്ഷ പിന്നാക്ക ജനതയെ ഉന്നതവിദ്യാഭ്യാസ രംഗത്തുനിന്ന് അകറ്റാനുള്ള ആസൂത്രിതമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
ന്യൂനപക്ഷ പദവികളുള്ള കേന്ദ്ര സര്‍വകലാശാലകള്‍ക്ക് ഫണ്ട് കുറച്ചും സ്വയംഭരണം നിയന്ത്രിച്ചും വിയോജിപ്പിന്റെ സ്വരങ്ങളെ ഭീകരവത്കരിച്ചുമുള്ള ന്യൂനപക്ഷവിരുദ്ധ നീക്കങ്ങള്‍ ഉപേക്ഷിക്കപ്പെടണമെന്നും സംസ്ഥാന സെക്രട്ടറി എം. മുഹമ്മദ് സാദിഖ് അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു. സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി തുടങ്ങിയവര്‍ പ്രസംഗിച്ചു. കാപ്ഷന്‍ : എസ്വൈഎസ് കേരള യുവജനസമ്മേളനത്തിന്റെ സമാപന സമ്മേളനത്തില്‍ പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പ്രസംഗിക്കുന്നു.