ധിഷണാശാലിയായ ഭരണകർത്താവ്: രമേശ് ചെന്നിത്തല
Saturday, December 28, 2024 2:55 AM IST
തിരുവനന്തപുരം: ലോക സാമ്പത്തികശക്തികളിലൊന്നായി ഇന്ത്യയെ പരിവർത്തനം ചെയ്ത ധിഷണാശാലിയായ ഭരണകർത്താവായിരുന്നു ഡോ. മൻമോഹൻ സിംഗ് എന്ന് കോണ്ഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല.
ഇന്ത്യയുടെ കരുതൽ സ്വർണശേഖരംപോലും വിദേശത്തു കൊണ്ടുപോയി പണയംവയ്ക്കേണ്ട ദയനീയമായ അവസ്ഥയിൽനിന്ന് കരുത്തുറ്റ സാമ്പത്തികഭദ്രത രാഷ്ട്രത്തിന് സമ്മാനിച്ച സാമ്പത്തിക മാന്ത്രികനായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ ഇന്നത്തെ സാമ്പത്തിക സുസ്ഥിരതയ്ക്ക് മൻമോഹൻസിംഗിനോട് രാഷ്ട്രം കടപ്പെട്ടിരിക്കുന്നു. 2004 മുതൽ 2014 വരെയുള്ള ഇന്ത്യയുടെ നിർണായക കാലഘട്ടത്തിൽ പ്രതിസന്ധികളിൽ തളരാതെ കരുത്തോടെ ഇന്ത്യയെ മുന്നോട്ട് നയിച്ചു അദ്ദേഹം.
ഒരു സാമ്പത്തിക ശാസ്ത്രജ്ഞന്റെ സൂക്ഷ്മതയോടെ ഉദാരവത്കരണത്തിന്റെ വാതായനങ്ങൾ തുറന്നിട്ടപ്പൊഴും അടിസ്ഥാനജനതയെ അദ്ദേഹം മറന്നില്ല. തൊഴിലുറപ്പുപദ്ധതി പോലുള്ള ശക്തമായ സാമൂഹ്യസുരക്ഷാ പദ്ധതികൾ പ്രാവർത്തികമാക്കിയപ്പോൾ അദ്ദേഹത്തിന്റെ ഭരണനൈപുണ്യവും പ്രതിബദ്ധതയുമാണ് വ്യക്തമായതെന്നും ചെന്നിത്തല അനുസ്മരിച്ചു.