നെടുമ്പാല, എല്‍സ്റ്റോണ്‍ എസ്റ്റേറ്റുകളില്‍നിന്ന് ഭൂമി ഏറ്റെടുക്കാം: ഹൈക്കോടതി
Saturday, December 28, 2024 2:55 AM IST
കൊച്ചി: വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിന് നെടുമ്പാല, എല്‍സ്റ്റോണ്‍ എസ്റ്റേറ്റുകളില്‍നിന്നു സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി. ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം നല്കി സര്‍വേനടപടികള്‍ ആരംഭിക്കാം.
ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് നിലവിലുള്ള സിവില്‍ കേസില്‍ വിധി പ്രതികൂലമായാല്‍ തുക തിരികെ നല്‍കണമെന്ന വ്യവസ്ഥയോടെ എസ്റ്റേറ്റുടമകള്‍ക്ക് 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം നഷ്ടപരിഹാരം നല്‍കണമെന്ന നിര്‍ദേശത്തോടെയാണു ജസ്റ്റീസ് കൗസര്‍ എടപ്പഗത്തിന്റെ ഉത്തരവ്. നഷ്ടപരിഹാരം തൃപ്തികരമല്ലെങ്കില്‍ ഹര്‍ജിക്കാര്‍ക്ക് അധിക നഷ്ടപരിഹാരത്തിനായി നിയമപരമായ നടപടി സ്വീകരിക്കാം.
ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ കണ്ടെത്തിയ ഭൂമിയുടെ കൈവശക്കാരായ എസ്റ്റേറ്റ് ഉടമകള്‍ ഹാരിസണ്‍സ് മലയാളം ലിമിറ്റഡും എല്‍സ്റ്റോണ്‍ ടീ എസ്റ്റേറ്റും നല്കിയ ഹര്‍ജികളാണു കോടതി പരിഗണിച്ചത്.
നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടര്‍ ഭൂമിയും കല്‍പ്പറ്റ എല്‍സ്റ്റോണ്‍ എസ്റ്റേറ്റിലെ 78.73 ഹെക്ടര്‍ ഭൂമിയും ദുരന്തനിവാരണ നിയമപ്രകാരം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടതിനെതിരേയായിരുന്നു ഹര്‍ജി. 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം മതിയായ നഷ്ടപരിഹാരം വേണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.
എന്നാല്‍, ഭൂമിസംബന്ധമായ കേസ് സിവില്‍ കോടതിയിലുള്ളതിനാല്‍ നഷ്ടപരിഹാരത്തുക കോടതിയില്‍ കെട്ടിവയ്ക്കാമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍, ഭൂമിയുടെ ഉടമസ്ഥതാവകാശം തങ്ങള്‍ക്കാണെന്ന് അവകാശപ്പെട്ട് രേഖകള്‍ എസ്റ്റേറ്റ് ഉടമകള്‍ ഹാജരാക്കി. പ്രഥമദൃഷ്ട്യാ ഹർജിക്കാര്‍ക്ക് ഉടമസ്ഥതാവകാശം ഉണ്ടെന്നു വിലയിരുത്തിയാണ് കോടതി നഷ്ടപരിഹാരം നല്‍കണമെന്നു നിര്‍ദേശിച്ചത്.