സര്‍വകലാശാലകളിലെ ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്സ് നിയമനം; ബിരുദധാരികള്‍ യോഗ്യരല്ലെന്ന വ്യവസ്ഥ ഒഴിവാക്കണമെന്ന് ഹൈക്കോടതി
Saturday, December 28, 2024 2:55 AM IST
കൊച്ചി: സര്‍വകലാശാലകളിലെ ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്സ് നിയമനത്തിനുള്ള യോഗ്യത സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിലെ ബിരുദധാരികള്‍ യോഗ്യരല്ലെന്ന വ്യവസ്ഥ ഒഴിവാക്കണമെന്നു ഹൈക്കോടതി.
അപേക്ഷിക്കാന്‍ ബിരുദധാരികള്‍ക്കും അനുമതി നല്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തു പിഎസ്സി സമര്‍പ്പിച്ച അപ്പീല്‍ തീര്‍പ്പാക്കിയാണ് ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്, പി.ജി. അജിത്കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
2015ല്‍ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സര്‍വകലാശാലകളിലെ അനധ്യാപക നിയമനങ്ങള്‍ സര്‍ക്കാര്‍ പിഎസ്സിക്ക് വിട്ടിരുന്നു.
സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളുടെ നിയമത്തില്‍ ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്ക് ബിരുദധാരികള്‍ അപേക്ഷിക്കുന്നതിന് വിലക്കില്ല. തുടര്‍ന്നാണ് സര്‍ക്കാര്‍ സര്‍വീസിലെ ലാസ്റ്റ് ഗ്രേഡ് നിയമനത്തിനു സമാനമായി ബിരുദധാരികള്‍ക്ക് അപേക്ഷിക്കാനാകില്ലെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതു ചോദ്യം ചെയ്ത് എട്ട് ഉദ്യോഗാര്‍ഥികള്‍ നേരത്തേ സിംഗിള്‍ ബെഞ്ചിനെ സമീപിച്ചിരുന്നു.
ഓരോ സര്‍വകലാശാലയ്ക്കും ബാധകമായ നിയമത്തിന്റെ അടിസ്ഥാനത്തില്‍ നിയമനം നടത്താനായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ്. ഇതു ചോദ്യം ചെയ്താണ് പിഎസ്സി അപ്പീല്‍ നല്‍കിയത്.
നിലവിലെ സര്‍വകലാശാലാ നിയമം ഭേദഗതി ചെയ്യാതെ അതിനെ മറികടന്ന് യോഗ്യത നിശ്ചയിക്കാന്‍ സര്‍ക്കാരിനും പിഎസ്സിക്കും അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍, നിയമനം വേഗത്തില്‍ നടത്തേണ്ടതിനാല്‍ ഓരോ സര്‍വകലാശാലാ നിയമത്തിലും ഭേദഗതി കൊണ്ടുവന്ന് നടപ്പാക്കുന്നത് കാലതാമസമുണ്ടാക്കും.
അതിനാല്‍, എല്ലാ സര്‍വകലാശാലകളിലേക്കും പൊതുവായി നിയമന പ്രക്രിയ വരുമ്പോള്‍ പൊതു യോഗ്യതാ മാനദണ്ഡമുണ്ടാക്കുന്നതില് അപാകതയില്ല. എന്നാല്‍, വിവിധ സര്‍വകലാശാലകളുടെ നിയമം മറികടന്ന് സര്‍ക്കാരിന് ഭരണപരമായ ഉത്തരവ് പുറപ്പെടുവിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.