ഭാവഗായകൻ പി. ജയചന്ദ്രൻ അന്തരിച്ചു
Friday, January 10, 2025 2:45 AM IST
തൃശൂർ: ദശാബ്ദങ്ങളോളം മലയാളികളുടെ മനസുകവർന്ന ഭാവഗായകൻ പി. ജയചന്ദ്രൻ (80) അന്തരിച്ചു. കരൾരോഗബാധയെതുടർന്ന് തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സ്വന്തം ഇഷ്ടപ്രകാരം ഡിസ്ചാർജ് വാങ്ങി വീട്ടിലെത്തിയ അദ്ദേഹം ഇന്നലെ രാത്രി ഏഴോടെ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചു. 7.54നായിരുന്നു അന്ത്യം.
അമല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഇന്നു രാവിലെ എട്ടിനു പൂങ്കുന്നം സീതാറാം മിൽ ലെയ്നിലെ ഗുൽമോഹർ ഫ്ലാറ്റിൽ എത്തിക്കും. തുടർന്നു പത്തോടെ സംഗീതനാടക അക്കാദമിയിൽ പൊതുദർശനത്തിനുശേഷം പന്ത്രണ്ടോടെ വീണ്ടും ഫ്ലാറ്റിലേക്കു കൊണ്ടുവരും. നാളെ രാവിലെ എട്ടിന് എറണാകുളം ചേന്ദമംഗലത്തെ പാലിയത്തു വീട്ടിലേക്കു കൊണ്ടുപോകും. സംസ്കാരം നാളെ ഉച്ചകഴിഞ്ഞു മൂന്നിനു നടക്കും. ഭാര്യ: ലളിത. മക്കൾ: ലക്ഷ്മി, ദിനനാഥ്.
മലയാളം, തമിഴ്, കന്നഡ, തെലുങ്ക്,ഹിന്ദി ഭാഷകളിൽ 15,000ത്തിലധികം ഗാനങ്ങൾ ആലപിച്ചു. അഞ്ചു പതിറ്റാണ്ടിലധികം സിനിമ, ലളിതഗാനം, ഭക്തിഗാനം, ടിവി, സ്റ്റേജ് ഷോകളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു.
മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന അവാർഡുകൾ ലഭിച്ചു. മികച്ച ഗായകനുള്ള സംസ്ഥാന സിനിമാപുരസ്കാരത്തിന് അഞ്ചുതവണ അർഹനായി. തമിഴ്നാട് സംസ്ഥാന സർക്കാരിന്റെ മികച്ച ഗായകനുള്ള പുരസ്കാരം നാലുതവണ നേടിയ ജയചന്ദ്രനെ കലൈമാമണി പുരസ്കാരവും നൽകി ആദരിച്ചു.
2021ൽ ജെ.സി. ഡാനിയേൽ പുരസ്കാരം നേടി. ഏഷ്യാനെറ്റ് ഫിലിം അവാർഡുകൾ, സ്വരലയ കൈരളി യേശുദാസ് പുരസ്കാരം, ഹരിവരാസനം അവാർഡ്, കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ അവാർഡ്, മഴവിൽ മാംഗോ മ്യൂസിക് അവാർഡ് തുടങ്ങി ധാരാളം പുരസ്കാരങ്ങൾ കരസ്ഥമാക്കി.
സംഗീതജ്ഞനായ തൃപ്പൂണിത്തുറ രവിവർമ കൊച്ചനിയൻ തമ്പുരാന്റെയും സുഭദ്രക്കുഞ്ഞമ്മയുടെയും മകനായി 1944ൽ എറണാകുളം രവിപുരത്താണു ജനനം. പിന്നീട് ഇരിങ്ങാലക്കുടയിലേക്കു താമസം മാറ്റി. അവസാനകാലഘട്ടത്തിൽ പൂങ്കുന്നം സീതാറാം മിൽ ലെയ്നിലെ വിസ്മയ ഫ്ലാറ്റിലായിരുന്നു താമസം.
മൃദംഗവാദകൻകൂടിയായ ജയചന്ദ്രൻ സ്കൂൾതലത്തിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽനിന്ന് സുവോളജിയിൽ ബിരുദംനേടിയശേഷം ചെന്നൈയിലേക്കുപോയ ജയചന്ദ്രൻ 1965ൽ കുഞ്ഞാലിമരയ്ക്കാര്‍ എന്ന ചിത്രത്തിൽ ‘ഒരുമുല്ലപ്പൂമാമലയാളം’ എന്ന ഗാനമാണ് ആദ്യമായി ആലപിച്ചത്. എന്നാൽ സംഗീതസംവിധായകന് ജി. ദേവരാജന്‍-പി. ഭാസ്കരൻ കൂട്ടുകെട്ടിൽ ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി’ എന്ന ഗാനമാലപിച്ചതോടെ പിന്നണിഗാനരംഗത്തു ചുവടുറപ്പിക്കുകയായിരുന്നു.
റഫിയുടെയും പി. സുശീലയുടെയും വലിയ ആരാധകൻ
മുഹമ്മദ് റഫിയുടെയും പി. സുശീലയുടെയും വലിയ ആരാധകനായിരുന്നു ജയചന്ദ്രന്. അവരുടെ പാട്ടുകള്‍ മിക്കവയും കാണാപ്പാഠമായിരുന്നു. സുശീലാമ്മയ്ക്ക് ഒരു ദേവതയുടെ സ്ഥാനമായിരുന്നു ജയചന്ദ്രന്റെ മനസില്‍. സുശീലാമ്മയുടെ കൂടെ യുഗ്മഗാനങ്ങള്‍ പാടാനായതു പൂര്‍വജന്മസുകൃതം എന്നാണു ജയചന്ദ്രന് പറഞ്ഞിട്ടുള്ളത്.
കൃത്യമായ നിലപാടുകള്‍
ഒന്നിനെയും കൂസാത്ത ആത്മധൈര്യം പുലര്ത്തുന്നൊരാളായിരുന്നു ജയചന്ദ്രന്. കൃത്യമായ നിലപാടുകള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. അതു ജീവിതത്തോടായാലും സംഗീതത്തോടായാലും. ആ നിലപാടുകളുടെ പേരില്‍ പലപ്പോഴും അദ്ദേഹം വിമര്‍ശിക്കപ്പെട്ടെങ്കിലും അതു മാറ്റാന്‍ അദ്ദേഹം തയാറായില്ല. പാടുന്നതില്‍ മാത്രമല്ല, പാട്ടിന്റെ വരികളിലും നിലവാരം വേണമെന്ന വാശി അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പുതിയ പാട്ടെഴുത്തിനോട് ഒരല്പം നീരസം പുലര്‍ത്തി. അതു പഴയ പാട്ടുകള്മാത്രമാണു നല്ലത് എന്ന നിലപാടല്ല. മറിച്ച് പുതിയ പാട്ടുകളില്‍ പഴയ കാവ്യഭംഗി കുറഞ്ഞുപോകുന്നതിലെ വിഷമം പങ്കുവച്ചതാണ്. കടുത്ത നിലപാടുകളില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നത് കാണുമ്പോഴും അതു തന്നെ ബാധിക്കുന്നില്ല എന്നായിരുന്നു ജയചന്ദ്രന്റെ മറുപടി.