വിവരം നിഷേധിച്ച ഓഫീസർമാർക്ക് പിഴ വിധിച്ച് വിവരാവകാശ കമ്മീഷൻ
Friday, January 10, 2025 2:10 AM IST
തിരുവനന്തപുരം: വിരമിച്ച ഓഫീസർ ഉൾപ്പെടെ വിവരം നിഷേധിച്ച രണ്ട് ഉദ്യോഗസ്ഥർക്ക് 5000 രൂപ വീതം പിഴ വിധിച്ച് സംസ്ഥാന വിവരാവകാശ കമ്മീഷൻ.
വിരമിച്ച ഉദ്യോഗസ്ഥൻ നേരിട്ടെത്തി പിഴ അടച്ചില്ലെങ്കിൽ ജപ്തി നടപടികളിലൂടെ പണം ഈടാക്കാനും സംസ്ഥാന വിവരവാകാശ കമ്മീഷണർ ഡോ.എ. അബ്ദുൾ ഹക്കിം ഉത്തരവായി.
തിരുവനന്തപുരം മുള്ളുവിള പോങ്ങിൽ പി.സി. പ്രദീജയുടെ പരാതിയിലാണ് അതിയന്നൂർ പഞ്ചായത്തിൽനിന്ന് വിരമിച്ച മുൻ വിവരാധികാരിയെ ശിക്ഷിച്ചത്. കോഴിക്കോട് നൊച്ചാട് ഇന്പിച്ച്യാലിയുടെ പരാതിയിൽ നൊച്ചാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയാണ് ശിക്ഷിക്കപ്പെട്ടത്.
ഇരുവരും ഈ മാസം 20നകം പിഴയടയ്ക്കണം. നിശ്ചിത സമയത്തിനകം പിഴ നല്കിയില്ലെങ്കിൽ ശന്പളത്തിൽനിന്നു പിടിക്കുമെന്നും ഉത്തരവിൽ പറയുന്നു.