ചോദ്യപേപ്പര്‍ ചോര്‍ച്ച: ഒന്നാം പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി
Friday, January 10, 2025 2:09 AM IST
കോഴിക്കോട്: പത്താംക്ലാസ് ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചക്കേസിലെ മുഖ്യപ്രതിയായ എംഎസ് സൊലൂഷന്‍സ് ഓണ്‍ലൈന്‍ ട്യൂഷന് സെന്റര്‍ സിഇഒ എം. മുഹമ്മദ് ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോഴിക്കോട് സെഷന്‍സ് കോടതി തള്ളി.
ചോദ്യങ്ങള്‍ ചോര്‍ത്തിയിട്ടില്ലെന്നും പ്രവചിക്കുക മാത്രമാണ് ചെയ്തതെന്നും ക്രൈംബ്രാഞ്ച് തനിക്കെതിരേ കേസെടുത്ത വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും ചൂണ്ടിക്കാട്ടി നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
പ്രതി ഇനി ഹൈക്കോടതിയെ സമീപിച്ചേക്കും. മുന്‍കൂര്‍ ജാമ്യം തള്ളിയതോടെ ഷുഹൈബിനെ അറസ്റ്റ് ചെയ്യാനായി ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഷുഹൈബും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചേര്‍ന്ന് ചോദ്യപേപ്പര്‍ ചോര്‍ത്തിയതായും ഉദ്യോഗസ്ഥരുടെ സഹായത്തോടെ ചോദ്യപേപ്പര്‍ ചോര്‍ത്താന്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായും ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയെ എതിര്‍ത്തുകൊണ്ടുള്ള വിശദ റിപ്പോര്‍ട്ടാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചത്. കുറ്റകരമായ ഗൂഢാലോചന നടത്തി സ്കൂള്‍ തല പാദവാര്‍ഷിക, അര്‍ധവാര്‍ഷിക പരീക്ഷകളുടെ ചോദ്യങ്ങള്‍ ചോര്‍ത്തിയെടുത്തെന്നും പരീക്ഷയുടെ തലേദിവസം പ്രവചനമെന്ന പേരില്‍ യുട്യൂബ് ചാനല്‍ വഴി പ്രചരിപ്പിച്ചതായും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.