വീട് വയ്ക്കാനുള്ള ഭൂമി തരംമാറ്റ അപേക്ഷകളിൽ അതിവേഗം തീരുമാനമെടുക്കണമെന്നു മുഖ്യമന്ത്രി
Friday, January 10, 2025 1:09 AM IST
തിരുവനന്തപുരം: വീട് വയ്ക്കുന്നതിന് ഭൂമി തരംമാറ്റാനുള്ള അപേക്ഷകളിൽ അതിവേഗം തീരുമാനമെടുക്കണമെന്നും നിയമപരമായ തടസങ്ങളുണ്ടെങ്കിൽ അപേക്ഷകരെ അറിയിക്കണമെന്നും കളക്ടർമാരോടു മുഖ്യമന്ത്രി പിണറായി വിജയൻ.
ജില്ലാ കളക്ടർമാരുടെയും വകുപ്പ് മേധാവികളുടെയും വാർഷിക സമ്മേളനത്തിന്റെ സമാപനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നഗര പരിധിയിൽ അഞ്ച് സെന്റിലും ഗ്രാമങ്ങളിൽ 10 സെന്റിലും വീടു വയ്ക്കാൻ അപേക്ഷ നൽകിയാൽ ആവശ്യമായ പരിശോധന വേഗത്തിൽ പൂർത്തിയാക്കി അനുവാദം നൽകണം.
നെൽവയൽ നിയമം വരുന്നതിനു മുൻപ് പുരയിടമായി മാറ്റപ്പെട്ട ഭൂമി തരംമാറ്റുന്നതിന് സാങ്കേതിക തടസം ഒഴിവാക്കണം. 25 സെന്റ് വരെയുള്ള ഭൂമി തരംമാറ്റത്തിന് ഫീസില്ലാത്തതിനാൽ വേഗത്തിലാക്കണം. ഇക്കാര്യങ്ങളിൽ കൃഷി, റവന്യു വകുപ്പുകളുമായി ഏകോപനമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.