പോലീസ് വാഹനം തടഞ്ഞ് ബോചെ അനുകൂലികള്‍
Friday, January 10, 2025 2:10 AM IST
കൊച്ചി: ലൈംഗികാധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസില്‍ റിമാന്‍ഡിലായ ബോബി ചെമ്മണ്ണൂരിനെ കൊണ്ടുപോയ പോലീസ് വാഹനം എറണാകുളം ജില്ലാ ആശുപത്രി പരിസരത്ത് ബോചെ അനുകൂലികള്‍ തടഞ്ഞത് നാടകീയ രംഗങ്ങള്‍ക്കും നേരിയ സംഘര്‍ഷത്തിനും ഇടയാക്കി. കോടതിയില്‍ ദേഹാസ്വാസ്ഥ്യമുണ്ടായതോടെ ബോബിയെ വൈദ്യ പരിശോധനയ്ക്കുവേണ്ടി എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ചിരുന്നു.
പരിശോധനകള്‍ക്കുശേഷം കാക്കനാട്ടെ ജയിലിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് ബോബി അനുകൂലികള്‍ വാഹനം തടഞ്ഞു പ്രതിഷേധിച്ചത്. ഇതേത്തുടര്‍ന്ന് സ്ഥലത്തു സംഘര്‍ഷാവസ്ഥയുണ്ടായി.
വാഹനം തടഞ്ഞെങ്കിലും പ്രതിഷേധക്കാരെ മറികടന്ന് പോലീസ് ബോബിയുമായി കാക്കനാട്ടെ ജയിലിലേക്ക് പുറപ്പെട്ടു. വാഹനം തടഞ്ഞവര്‍ക്കെതിരേ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ബോബി ചെമ്മണ്ണൂരിന് പിന്തുണയര്‍പ്പിച്ച് അനുകൂലികള്‍ ഇന്നലെ ഉച്ചയോടെ കോടതി പരിസരത്തും എത്തിയിരുന്നു. ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ബോബിയെ സ്വീകരിക്കാന്‍ തയാറെടുത്താണ് ഇവര്‍ നിന്നിരുന്നത്. എന്നാല്‍ പ്രതീക്ഷ തെറ്റിച്ചുകൊണ്ട് ജാമ്യം നിഷേധിക്കുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തു. ഇതിനുശേഷമാണ് ആശുപത്രിയില്‍ നാടകീയരംഗങ്ങള്‍ അരങ്ങേറിയത്.
അതേസമയം, ബോബി ചെമ്മണ്ണൂരിന്റെ ഫോണുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും അതിന്റെ ഫലം വരും മുമ്പ് ജാമ്യം നല്കിയാല് കേസിനെ ബാധിക്കുമെന്നും ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ആക്ഷേപം പ്രതി മനഃപൂര്‍വം നടത്തിയതാണ്.
പരിപാടിയുടെ ക്ഷണിതാവ് ആയിരുന്നതുകൊണ്ടാണ് നടി അന്നു പ്രതികരിക്കാതിരുന്നത്. എന്നാല്‍ അവരുടെ അമ്മ ബോബിയുടെ മാനേജരെ പ്രതിഷേധം അറിയിച്ചിരുന്നു.
പിന്നീട്, മാനസിക വൈകല്യം ഉള്ളവര്‍ അതു പല രീതിയില്‍ അധിക്ഷേപിക്കാന്‍ ഉപയോഗിച്ചു.മറ്റു പരിപാടികള്‍ക്ക് ക്ഷണം ലഭിച്ചപ്പോള്‍ നടി നിരസിച്ചു. എന്നാല്‍ അഭിമുഖങ്ങള്‍ വഴി അധിക്ഷേപം തുടര്‍ന്നുവെന്നും നേരത്തെയും സമാന കേസ് ബോബിക്കെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രോസിക്യൂഷന് വാദിച്ചു. തുടര്‍ന്നാണ് 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തത്.
നടന്നതു പോലീസിന്റെ ഗുണ്ടായിസം: പ്രതിഭാഗം അഭിഭാഷകന്
പോലീസിനെതിരേ ഗുരുതര ആരോപണവുമായി പ്രതിഭാഗം അഭിഭാഷകന് രംഗത്തെത്തി. പോലീസിന്റെ ഗുണ്ടായിസമാണ് ആശുപത്രിയിലും പുറത്തും നടന്നതെന്നും ശരിക്കും പരിശോധന നടത്തിയിട്ടില്ലെന്നും അഭിഭാഷകന് ആരോപിച്ചു.
ദേഹാസ്വാസ്ഥ്യം ഉണ്ടായിട്ടും നെഞ്ചുവേദന ഉണ്ടെന്നു പറഞ്ഞിട്ടും കൃത്യമായി പരിശോധിക്കാന്‍ തയാറായില്ല. ജയിലില്‍ വച്ച് പരിശോധിക്കുമെന്നായിരുന്നു പോലീസ് അറിയിച്ചതെന്നും പോലീസ് മനഃപൂര്‍വം പ്രശ്നമുണ്ടാക്കുകയായിരുന്നുവെന്നും അഭിഭാഷകന് ശ്രീകാന്ത് ആരോപിച്ചു.
എന്നാല്‍ ബോബിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും എക്സ്റേ, ഇസിജി, ഓക്സിജന്‍ ലെവല്‍, ബ്ലഡ്പ്രഷര്‍ എന്നിവ സാധാരണ നിലയിലാണെന്നും പരിശോധിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു.
നിരപരാധിയെന്ന് ബോബി ചെമ്മണ്ണൂർ
കാക്കനാട്: ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കു വിധേയനായശേഷം ഇന്നലെ വൈകുന്നേരം 6.20 നാണ് ബോബി ചെമ്മണ്ണൂരുമായി പോലീസ് കാക്കനാട് ജില്ലാ ജയിലിലേക്കു പുറപ്പെട്ടത്.
രാത്രി 7.10ന് ജില്ലാ ജയിലിൽ എത്തിയ ബോബി ചെമ്മണ്ണൂർ പരിഭ്രാന്തനായി കാണപ്പെട്ടു. താൻ നിരപരാധിയാണെന്ന് അദ്ദേഹം ആവർത്തിച്ചു പറയുന്നുണ്ടായിരുന്നു. കാലിൽ മുറിവുണ്ടെന്നും പ്രഷർ കുറയുന്നുവെന്നും ബോബി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ജില്ലാ ജയിലിനുമുന്നിൽ വൻ ജനക്കൂട്ടമാണ് ബോബിയെ കാണാനെത്തിയത്.