കർദിനാൾ മാർ ജോർജ് കൂവക്കാട്ടിന് സീറോമലബാർ സിനഡ് സ്വീകരണം നൽകി
Thursday, January 9, 2025 2:33 AM IST
കൊച്ചി: ജനത്തിന്റെ പ്രശ്നങ്ങളും വേദനകളും ബുദ്ധിമുട്ടുകളും കാണാനുള്ള കണ്ണുകളും കേൾക്കാനുള്ള കാതുകളും എപ്പോഴും തുറന്നിരിക്കണമെന്ന് കർദിനാൾ മാർ ജോർജ് കൂവക്കാട്ട്. സീറോമലബാർ സഭാ സിനഡ് നൽകിയ സ്വീകരണയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്വരമില്ലാത്തവരുടെ സ്വരം ശ്രവിക്കാൻ തയാറാകാതെയും പാർശ്വവത്കരിക്കപ്പെട്ടവരെ ചേർത്തുപിടിക്കാതെയും ഒറ്റപ്പെട്ടവരെ തിരിച്ചറിയാതെയും സഭയ്ക്ക് മുന്നോട്ടു പോകാനാകില്ല. സഭാസ്നേഹത്തിൽ വളരാൻ ഇളംതലമുറയെ പ്രചോദിപ്പിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. അതിനാൽ സെമിനാരികളിലെ പരിശീലനം ഏറെ പ്രാധാന്യം അർഹിക്കുന്നു.
സിനഡ് തീരുമാനം അനുസരിച്ചുള്ള ഏകീകൃത വിശുദ്ധ കുർബാനയർപ്പണം സാക്ഷ്യത്തിനുള്ള അനന്യമായ അവസരമാണ്. സിനഡിന്റെ കൂട്ടുത്തരവാദിത്വവും കൂട്ടായ്മയുടെ മാതൃകയും അഭംഗുരം പരിപാലിക്കേണ്ടതുണ്ട്. പ്രത്യാശയുടെ തീർഥാടകരായി ജൂബിലിവർഷത്തിലേക്ക് പ്രവേശിക്കാമെന്നും കർദിനാൾ പറഞ്ഞു.
മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിന്റെ ക്ഷണം സ്വീകരിച്ചാണ് കർദിനാൾ ജോർജ് കൂവക്കാട്ട് സിനഡ് സമ്മേളനത്തോടനുബന്ധിച്ച് സഭാ ആസ്ഥാനത്തെത്തിയത്. കൂരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന്റെ നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു.
അനുമോദന സമ്മേളനത്തിൽ ആർച്ച്ബിഷപ്പുമാരായ മാർ ആൻഡ്രൂസ് താഴത്ത്, മാർ കുര്യാക്കോസ് ഭരണികുളങ്ങര, ബിഷപ്പുമാരായ മാർ ജോയ് ആലപ്പാട്ട്, മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് എന്നിവർ പ്രസംഗിച്ചു. മേജർ ആർച്ച്ബിഷപ് അനുഗ്രഹപ്രഭാഷണം നടത്തി. സിനഡിന്റെ ഉപഹാരം കർദിനാളിന് സമ്മാനിച്ചു.
കർദിനാളിനൊപ്പം സിനഡിലെ മെത്രാന്മാർ വിശുദ്ധ കുർബാനയർപ്പിച്ചു. സിനഡ് സമ്മേളനത്തെയും കർദിനാൾ അഭിസംബോധന ചെയ്തു.