പുല്ലുപാറ ബസ് അപകടം ഡ്രൈവറുടെ പരിചയക്കുറവു മൂലമെന്നു സൂചന
Thursday, January 9, 2025 2:33 AM IST
പ്രസാദ് സ്രാന്പിക്കൽ
കുമളി: കുട്ടിക്കാനത്തിന് സമീപം നാലുപേരുടെ മരണത്തിനിടയാക്കിയ കെഎസ്ആർടിസി ബസ് അപകടം അമിതവേഗവും ഡ്രൈവറുടെ പരിചയക്കുറവുംമൂലമെന്ന് നിഗമനം. കുട്ടിക്കാനം കഴിഞ്ഞുള്ള കുത്തിറക്കത്തിൽ 37 യാത്രക്കാരുമായി ബസ് പാഞ്ഞത് ടോപ് ഗിയറിലാണ്.
റിവേഴ്സ് ഗീയർ അടക്കം ആറ് ഗിയറുള്ള ബസിന്റെ ടോപ് ഗീയറായ അഞ്ചാം ഗീയറിലാണ് ഡ്രൈവർ ബസ് ഓടിച്ചിരുന്നത്. ഇറക്കത്തിൽ വലിയ ഗീയറിൽ വാഹനം ഓടിക്കണമെന്നുള്ള ചട്ടം ഇവിടെ ലംഘിക്കപ്പെട്ടത് തന്നെ ഒന്നാമത്തെ പിഴവാണ്.
സ്പീഡ് നിയന്ത്രിക്കാൻ തുടർച്ചയായി ബ്രേക്ക് ഉപയോഗിച്ചിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. ഇതും പിഴവാണ്. നിയന്ത്രണം നഷ്ടമായെന്ന് ഡ്രൈവർക്ക് ബോധ്യം വന്നതിനു പിന്നാലെ വലത്തോട്ടുള്ള വളവിൽ സഡൻ ബ്രേക്ക് ചെയ്ത് ബസ് ഇടത്തേക്ക് വെട്ടിച്ചപ്പോഴുള്ള വേഗത്തിൽ ബസ് വലത് ഭാഗത്തേക്ക് ചെരിഞ്ഞ് കൊക്കയിലേക്ക് മറിയുകയായിരുന്നു.
ഡ്രൈവർ ബ്രേക്ക് ഉപയോഗിച്ചില്ലെങ്കിൽ ബസ് നേരെ ഓടി മുൻവശം കുത്തി അഗാധ കൊക്കയിലേക്ക് പതിക്കുമായിരുന്നു. ഇവിടെ ബ്രേക്കിംഗിന് പിന്നാലെ ബസ് പിൻ വശം നിരങ്ങി വലത്തേക്ക് മറിയുകയായിരുന്നു.
പെരുവന്താനം പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന ബസ് ഇന്നലെ ഇടുക്കി എൻഫോഴ്സ്മെന്റ് ആർടിഒ കെ.കെ. രാജീവിന്റെ നേതൃത്വത്തിലുള്ള മോട്ടോർ വാഹന വകുപ്പ് സംഘം വിശദമായി പരിശോധിച്ചു.
ബസിന്റെ വീൽ ഡ്രമ്മിലും ബ്രേക്ക് പാഡിലും നിരന്തരമായി ബ്രേക്ക് ഉപയോഗിച്ചതിന്റെ പാടുകൾ ഉള്ളതായും അമിത വേഗവും ടോപ് ഗിയർ ഉപയോഗവും അപകടത്തിന് മുഖ്യകാരണമായതായും ആർടിഒ കെ.കെ. രാജീവ് പറഞ്ഞു.
കെഎസ് ആർടിസിയിൽ താത്ക്കാലിക ഡ്രൈവർമാരെ നിയമിക്കുന്നത് യാതൊരുവിധ പരിശോധനകളും കൂടാതെയാണെന്നാണ് ഈ അപകടം ഉൾപ്പെടെ അടുത്ത കാലത്തുണ്ടായ സംഭവങ്ങൾ സൂചിപ്പിക്കുന്നത്. ഡ്രൈവറുടെ പിഴവാകാം അപകട കാരണമെന്ന് അപകടം നടന്ന അന്നുതന്നെ ദീപിക റിപ്പോർട്ടു ചെയ്തിരുന്നു.