ഇരുപതുകാരന് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് പ്രത്യേക അനുമതി
Friday, January 10, 2025 2:09 AM IST
കൊച്ചി: ഇരുപതുകാരന് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ഹൈക്കോടതിയുടെ പ്രത്യേക അനുമതി. രക്തബന്ധമില്ലാത്തയാളില്നിന്നു വൃക്ക സ്വീകരിക്കാനാണ് അനുമതി.
അടിയന്തര സാഹചര്യവും യുവതി വൃക്ക നല്കാന് തയാറായതു സ്വമേധയ ആണെന്നും ഇതിനു പിന്നില്‍ സംശയകരമായ ഒന്നുമില്ലെന്നും വ്യക്തമാക്കി ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന് നല്കിയ അന്വേഷണറിപ്പോര്‍ട്ടും പരിഗണിച്ചാണ് ജസ്റ്റീസ് സി.എസ്. ഡയസിന്റെ ഉത്തരവ്. മലപ്പുറം സ്വദേശി ഉവൈസ് മുഹമ്മദിന്റെ ഹര്‍ജിയാണു കോടതിയുടെ പരിഗണനയിലുള്ളത്.
അവയവമാറ്റത്തിന് അനുമതി നല്‍കേണ്ട എറണാകുളം ജില്ലാ സമിതി ഒരാഴ്ചയ്ക്കകം നടപടി സ്വീകരിക്കണം. മൂന്നു തവണ അനുമതി നിഷേധിക്കപ്പെട്ടതും ഹര്‍ജിക്കാരന്റെ അവസ്ഥ അതീവ ഗുരുതര നിലയിലായതുംകൂടി കോടതി കണക്കിലെടുത്തു.
ഹര്‍ജിക്കാരന്റെ പിതാവ് ഭാര്യയില്‍നിന്നു സ്വീകരിച്ച വൃക്കയുമായി ജീവിതം നയിക്കുന്ന രോഗിയാണ്. ഉവൈസിന്റെ ബന്ധുവിന്റെ സ്ഥാപനത്തില്‍ ജീവനക്കാരിയായ ആലപ്പുഴ അരൂര്‍ സ്വദേശിനിയായ യുവതിയാണു വൃക്ക നല്കാന് സന്നദ്ധത അറിയിച്ചത്. വൃക്കരോഗം മൂലം ഇളയ സഹോദരനെ നഷ്ടപ്പെട്ട യുവതി, ഉവൈസിന്റെ അവസ്ഥയറിഞ്ഞ് വൃക്കദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു.
എന്നാല്‍ ഇതില്‍ അവയവക്കച്ചവട സാധ്യത സംശയിച്ച് എറണാകുളം ജില്ലാ സമിതി അനുമതി നിഷേധിച്ചു. രക്തബന്ധമുള്ളവരില്നിന്നോ അടുത്ത ബന്ധുക്കളില്‍നിന്നോ അല്ലാതെ വൃക്ക സ്വീകരിക്കാന്‍ സമിതിയുടെ അനുമതി നിര്‍ബന്ധമാണ്.
തുടര്‍ന്ന് 1994ലെ അവയവ കൈമാറ്റ ചട്ടമനുസരിച്ച് ഹർജിക്കാരായ ഉവൈസും യുവതിയും സംയുക്തമായി അപേക്ഷ നല്‍കിയെങ്കിലും ജില്ലാ പോലീസ് മേധാവിയുടെ സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന പേരില്‍ നിഷേധിച്ചിരുന്നു. തുടര്‍ന്നാണ് കോടതിയുടെ ഇടപെടല്‍.