റഷ്യയിൽ കുടുങ്ങിയ മലയാളികൾക്കു ഷെല്ലാക്രമണത്തിൽ പരിക്ക്
Friday, January 10, 2025 1:09 AM IST
വടക്കാഞ്ചേരി: മികച്ച ജോലിയും ഉയർന്ന ശമ്പളവും സ്വപ്നംകണ്ട് റഷ്യയിലെത്തി കൂലിപ്പട്ടാളത്തിൽ ചേരേണ്ടിവന്ന വടക്കാഞ്ചേരി സ്വദേശികളായ യുവാക്കൾക്കു യുദ്ധത്തിനിടെ ഷെല്ലാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു.
തെക്കുംകര കുത്തുപാറ തെക്കേമുറിയിൽ കുര്യന്റെ മകൻ ജയിൻ (27), സഹോദരീ ഭർത്താവ് കുട്ടനെല്ലൂർ തോളത്ത് ബാബുവിന്റെ മകൻ ബിനിൽ (27) എന്നിവരാണു യുദ്ധമുഖത്തുള്ളത്.
കഴിഞ്ഞദിവസം രാവിലെ വീട്ടിലേക്കു ഫോൺ ചെയ്ത ജയിൻ തനിക്കു ഷെല്ലാക്രമണത്തിൽ ഗുരുതരപരിക്കേറ്റെന്ന് അറിയിക്കുകയായിരുന്നു. ബിനിൽ അപായപ്പെട്ടെന്നും പറഞ്ഞു. പെട്ടെന്നു ഫോൺ കട്ടായതിനാൽ കൂടുതൽ വിവരങ്ങൾ ചോദിക്കാൻ ബന്ധുക്കൾക്കായില്ല. തുടർന്ന് ജയിനിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
റഷ്യൻ എംബസിയുമായി ബന്ധപ്പെട്ടെങ്കിലും ഒരു വിവരവുമില്ലെന്ന മറുപടിയാണു ലഭിച്ചത്. ജയിൻ വീണ്ടും വിളിക്കുമെന്ന പ്രതീക്ഷയിലാണ് യുവാക്കളുടെ കുടുംബം.