അമിതവേഗം നിയന്ത്രിക്കാൻ ജിയോ ഫെൻസിംഗ് നടപ്പാക്കും: മന്ത്രി
Friday, January 10, 2025 2:09 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ജിയോ ഫെൻസിംഗ് നടപ്പാക്കി വാഹനങ്ങളുടെ വേഗം നിരീക്ഷിക്കുമെന്നു ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാർ. നിയമസഭാ പുസ്തകോത്സവത്തിൽ പ്രസംഗിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
വാഹനങ്ങളിൽ ബാർ കോഡ് പതിപ്പിക്കുകയും റോഡിൽ വിവിധ ഇടങ്ങളിൽ സ്ഥാപിക്കുന്ന ജിയോ ഫെൻസിംഗ് കടന്നുപോകാൻ വാഹനങ്ങൾ എടുക്കുന്ന സമയം പരിശോധിച്ച് വേഗം കണക്കാക്കുകയും ചെയ്യും. അമിതവേഗത്തിൽ കടന്നുപോകുന്ന വാഹനങ്ങൾക്കെതിരേ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഓരോ ഗതാഗത നിയമലംഘനത്തിനും ലൈസൻസിൽ ബ്ലാക്ക് പഞ്ചിംഗ് നടപ്പാക്കുന്നതും പരിഗണനയിലാണ്. നിശ്ചിത എണ്ണം ബ്ലാക്ക് പഞ്ചുകൾ വന്ന ലൈസൻസുകൾ തനിയെ റദ്ദാകും. ഇത് നടപ്പാക്കുന്നതോടെ തുടർച്ചയായ നിയമലംഘനങ്ങൾ തടയാനാകും.
സ്വകാര്യ ബസുകളിൽ വിദ്യാർഥികൾക്കുള്ള യാത്രാ കണ്‍സെഷനായി ആപ്പ് നിലവിൽ വരും.ഏതെങ്കിലും കാരണത്താൽ ലൈസൻസ് നഷ്ടമായാൽ തിരികെ ലഭിക്കാനുള്ള നടപടികൾ എളുപ്പമാകില്ലെന്നും മന്ത്രി പറഞ്ഞു.
റോഡ് കൈയേറി നടത്തുന്ന കച്ചവടങ്ങൾ, റോഡരികിലെ പാർക്കിംഗ് എന്നിവ കർശനമായി തടയും. ഇതിനെതിരേയുള്ള പ്രതിഷേധങ്ങൾ അംഗീകരിച്ചുകൊടുക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.