ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ
Thursday, January 9, 2025 2:33 AM IST
കൊച്ചി: നടിയും മോഡലുമായ ഹണി റോസിന്റെ പരാതിയില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തു.
വയനാട്ടില്‍നിന്ന് ഇന്നലെ രാവിലെ എറണാകുളം സെന്‍ട്രല്‍ പോലീസ് കസ്റ്റഡിയിലെടുത്ത ബോബിയെ വൈകുന്നേരത്തോടെ കൊച്ചിയില്‍ എത്തിച്ചശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ചൊവ്വാഴ്ചയാണ് ഹണി റോസ് ബോബി ചെമ്മണ്ണൂരിനെതിരേ സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ബോബിക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.
ബോബി വയനാട് മേപ്പാടി ആയിരം ഏക്കര്‍ എസ്റ്റേറ്റിലുള്ളതായി വിവരം ലഭിച്ചതോടെ അന്വേഷണസംഘം അവിടേക്ക് തിരിച്ചു. ഇന്നലെ രാവിലെ പത്തോടെ എസ്റ്റേറ്റിനു സമീപത്തെ അഞ്ചുറോഡില്വച്ച് ബോബി സഞ്ചരിച്ച വാഹനം തടഞ്ഞുനിര്‍ത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തുടര്‍ന്ന് പുത്തൂര്‍വയൽ എആര്‍ ക്യാമ്പിലെത്തിച്ചു ചോദ്യം ചെയ്തശേഷം രാത്രി ഏഴോടെ കൊച്ചിയിലെത്തിക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ബോബിയെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കി.
ചോദ്യംചെയ്യല്‍ പുരോഗമിക്കുകയാണ്. ബോബി ചെമ്മണ്ണൂരിനൊപ്പം ഹണി റോസ് പങ്കെടുത്ത ഉദ്ഘാടനച്ചടങ്ങുകള്‍, ബോബിയുടെ അഭിമുഖങ്ങള്‍ എന്നിവ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.
ബോബിയെ ഇന്നു ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. സ്ത്രീകള്‍ക്കു നേരേ അശ്ലീല പരാമര്‍ശം നടത്തുക, അത്തരം പരാമര്‍ശങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക എന്നീ കുറ്റകൃത്യങ്ങളാണു ബോബിക്കെതിരേ ചുമത്തിയിട്ടുള്ളത്.
ഉദ്ഘാടനച്ചടങ്ങിലായിരുന്നു അശ്ലീല പരാമര്‍ശം. തുടര്‍ന്ന് മറ്റൊരു ഉദ്ഘാടനത്തിനു ക്ഷണിച്ചെങ്കിലും നിരസിച്ചു. ഇതോടെ തുടര്‍ച്ചയായി അഭിമുഖത്തില്‍ ഉള്‍പ്പെടെ മോശം പരാമര്‍ശങ്ങളുണ്ടായെന്നും ഹണിയുടെ പരാതിയിലുണ്ട്.
ഇതിനിടെ, ബോബി ചെമ്മണ്ണൂരിനെതിരേ നടി ഹണി റോസ് എറണാകുളം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ രഹസ്യമൊഴി നല്കി. ലൈംഗികാധിക്ഷേപം നടത്തിയെന്ന നടിയുടെ പരാതിയിലാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്.
മൊഴിയെടുക്കൽ രണ്ടുമണിക്കൂര്‍ നീണ്ടു. സൈബര്‍ ആക്രമണത്തിന്റെ വലിയ ഇരയാണു താനെന്നും അശ്ലീല പരാമര്‍ശത്തിലൂടെ തന്നെ നിരന്തരം വേട്ടയാടുകയാണെന്നും ഹണിയുടെ പരാതിയിലുണ്ട്.