സംസ്ഥാനം നവംബറോടെ അതിദാരിദ്ര്യ മുക്തമാകുമെന്നു മുഖ്യമന്ത്രി
Thursday, January 9, 2025 2:33 AM IST
തിരുവനന്തപുരം: സംസ്ഥാനം ഈ വർഷം അതിദാരിദ്ര്യ മുക്തമാകുമെന്നും അതിനുള്ള പ്രവർത്തനങ്ങളും പദ്ധതികളും എല്ലാ ജില്ലകളിലും കാര്യക്ഷമമായി നടപ്പാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.
തൈക്കാട് അതിഥി മന്ദിരത്തിൽ ചേരുന്ന ജില്ലാ കളക്ടർമാരുടെയും വകുപ്പ് മേധാവികളുടെയും വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നവംബറോടെ കേരളം അതിദാരിദ്ര്യ കുടുംബങ്ങൾ ഇല്ലാത്ത സംസ്ഥാനമാകും. ഇതിനായി സമഗ്രവും ശാസ്ത്രീയവും പ്രായോഗികവുമായ പരിപാടികൾ നടപ്പാക്കി വരുന്നു. അത് ഊർജിതമാക്കണം. ഓരോ പഞ്ചായത്തിനും ബ്ലോക്കിനും മണ്ഡലത്തിനും അതിദരിദ്രരില്ലാത്ത കുടുംബങ്ങളെ പ്രഖ്യാപിക്കാം.
കാപ്പ കുറ്റവാളികളെ അകത്താക്കാൻ മുൻകൈ എടുക്കണമെന്നു നിർദേശം
കാപ്പ കേസിൽ ഉൾപ്പെട്ടത് അടക്കമുള്ള കൊടുംകുറ്റവാളികളെ അകത്താക്കാൻ പോലീസ് നൽകുന്ന പട്ടികയുടെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർമാർ നടപടി സ്വീകരിക്കണമെന്നു മുഖ്യമന്ത്രിയുടെ നിർദേശം.
സംസ്ഥാനത്തെ ക്രമസമാധാന നില അസ്വസ്ഥമാക്കാൻ ശ്രമിക്കുന്ന ചില ശക്തികളുണ്ടെന്നും അവർക്കെതിരേ ശക്തമായ നടപടി വേണമെന്നും നിർദേശിച്ചു. ജില്ലാ പോലീസ് മേധാവിയും കളക്ടറും ഉൾപ്പെട്ട സമിതി കൃത്യമായ ഇടവേളകളിൽ യോഗം ചേർന്ന് ക്രമസമാധാനനില വിലയിരുത്തി നടപടി എടുക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
മന്ത്രിമാരായ കെ. രാജൻ, കെ.എൻ. ബാലഗോപാൽ, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, ജി.ആർ. അനിൽ, ഒ.ആർ. കേളു, വീണ ജോർജ്, ഡോ. ആർ. ബിന്ദു, എം.ബി. രാജേഷ്, ജെ. ചിഞ്ചു റാണി, പി. പ്രസാദ്, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്, ജില്ലാ കളക്ടർമാർ, വകുപ്പ് സെക്രട്ടറിമാർ, മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.