ഡിസിഎൽ ബാലരംഗം
Friday, January 10, 2025 1:09 AM IST
അലക്സ് വക്കീൽ: വാദിയുടെ അലകും നീതിയുടെ അഴകും
സ്നേഹമുള്ള ഡിസിഎൽ കുടുംബാംഗങ്ങളേ,
നിലയ്ക്കാതെ ഒഴുകുകയായിരുന്നു, ആ നേരിന്റെ നീരുറവ. നീതിയുടെ ഇടുങ്ങിയ വീഥിയിലൂടെ, മരവിച്ച മനസുകളുടെ വരണ്ട തീരങ്ങളിലൂടെ, മനുഷ്യത്വത്തിന്റെ നനവുപടർത്തി പ്രതീക്ഷയുടെ പൂക്കൾ വിടർത്തി അലക്സ് എം. സ്കറിയ എന്ന നേരിന്റെ നീരുറവ ഒഴുകുയായിരുന്നു. ഇന്ന് ആ ഒഴുക്കു നിലച്ചു. ഇനി ആയിരങ്ങളുടെ ഓർമ്മകളിലൂടെ അലക്സ് വക്കീൽ ഒഴുകും.
2002ൽ തൊടുപുഴയിൽവച്ചാണ് അലക്സിനെ പരിചയപ്പെടുന്നത്. അസാധാരണമായ പ്രസരിപ്പും പ്രസന്നതയും. ചടുലമായ സംഭാഷണ ശൈലി. ആത്മാർഥതയുടെ ആഴമുള്ള നിഗമനങ്ങളും നിർദേശങ്ങളും . പരന്ന വായന. വിവിധ വിഷയങ്ങളിലുള്ള അറിവിന്റെ വിശാലത. അടിയുറച്ച ദൈവവിശ്വാസം. കത്തോലിക്കാസഭയോടുള്ള നൂറു ശതമാനം കൂറ്!
അന്നു മുതൽ അത്ഭുതപ്പെടുത്തുകയായിരുന്നു, അലക്സ്. തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഇടവക ദേവാലയത്തിൽ വൈദികരുടെ പിന്തുണയോടെ ഞായർ സായാഹ്നത്തിൽ, എഫാത്ത എന്ന പേരിൽ ഒരുവർഷം നീണ്ടുനിന്ന ബൈബിൾ പഠനക്ലാസുകൾ സംഘടിപ്പിച്ച് അത് നിറഞ്ഞ പങ്കാളിത്തത്തോടെ വിജയകരമായി നടത്തിയ, കഴിവുള്ള കെ.സി.വൈ.എം. പ്രവർത്തകൻ! പിന്നീട് നിയമ പഠനവഴികൾ. മികച്ച വിജയം... അലക്സ് വക്കീൽ എന്ന അഭിധാനം!
മെല്ലെ, അലക്സ് ഒരു പഠനശാലയായി മാറുകയായിരുന്നു. ചാറ്റ്ജിപിറ്റിയും എഐയും വരുന്നതിനു മുന്പ് ഇന്ത്യൻ ഭരണഘടനയുടെയും നിയമസംഹിതകളുടെയും കോടതി വ്യവഹാരങ്ങളുടെയും വിഖ്യാതമായ നിരവധി കേസുകളുടെയും സംശയങ്ങൾക്ക് ഉടനടി മറുപടി നൽകാൻ കഴിയുന്ന അനിതരസാധാരണമായ വിവരസമാഹാരമായിരുന്നു, അലക്സിന്റെ മനസ്. അറിയില്ലെങ്കിൽ സമയം ചോദിച്ച് പഠിച്ച് പറഞ്ഞുതരുന്ന സഹയാത്രികനായ ആ പ്രിയമിത്രം ഇനിയിവിടെയില്ല എന്ന് വിശ്വസിക്കാനാവാതെ വിങ്ങുകയാണ് അലക്സിന്റെ സ്നേഹിതലോകം!
ദീപിക ദിനപത്രത്തിന്റെ ഏറ്റവും നിർണായകമായ വീണ്ടെടുപ്പിന്റെ കാലത്ത് 2008 മുതൽ ദീപികയുടെ നിയമോപദേശകനായിരുന്നു അഡ്വ. അല്ക്സ് എം. സ്കറിയ. വക്കീൽ ജോലിയുടെ തിരക്കുകൾക്കിടയിലും ദീപിക ബാലസഖ്യത്തിന്റെ സ്കോളർഷിപ്പ്പരീക്ഷയുടെ ചോദ്യപേപ്പർ എണ്ണാനും നടത്തിപ്പിൽ സഹായിക്കാനും അലക്സിനു സമയമുണ്ടായിരുന്നു.
വ്യക്തിബന്ധങ്ങളിൽ അലക്സ് വക്കീൽ പുലർത്തിയ ഹൃദയ അടുപ്പവും ആത്മാർത്ഥതയും എല്ലാ യുവാക്കൾക്കും വിദ്യാർഥികൾക്കും മാതൃകയാണ്. "സ്നേഹിതർക്കുവേണ്ടി ജീവൻ ബലികഴിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ല' എന്ന ക്രിസ്തുവചനത്തെ അലക്സ് വ്യക്തിബന്ധങ്ങളുടെ പ്രമാണമാക്കിയിരുന്നു എന്നതിന് ഇതെഴുതുന്ന ഞാനും അനുഭവസ്ഥനാണ്. ഓരോ ആഴ്ചയും കൊച്ചേട്ടന്റെ കത്ത് വായിച്ച്, എന്നെപ്പറ്റി എന്നാണ് അച്ചൻ കത്തെഴുതുന്നത് എന്ന അലക്സിന്റെ പതിവുചോദ്യത്തിനുള്ള മറുപടിയായി ഈ കുറിപ്പ് എഴുതേണ്ടിവന്നതിൽ എനിക്കു ദുഃഖമുണ്ട്.
പ്രിയ അലക്സ്, ഇ.ഡബ്യു.എസ്. എന്ന സംവരണസാധ്യത, അത് അർഹിക്കുന്ന സമൂഹത്തിന് നീ വാദിച്ചു നേടിക്കൊടുത്തു. കർഷക ജനതയുടെ വിഷയങ്ങളിൽ കറയും മറയുമില്ലാത്ത നീതിവാദിയായിരുന്നു നീ. സഭയോടൊത്തു ചിന്തിച്ചു. സഭയ്ക്കുവേണ്ടി വാദിച്ചു. ഫീസിന്റെ തൂക്കമനുസരിച്ച് നീതിന്യായ വാദത്തിന്റെ തട്ടുകൾ താഴുകയും ഉയരുകയും ചെയ്യുന്ന കാലത്ത് അർഹതയുള്ളവർക്കുവേണ്ടി വാദിക്കുന്ന ഫീസില്ലാ വക്കീലായി നീ... അശരണരുടെയും അരികുവല്കരിക്കപ്പെട്ടവരുടെയും നീതിക്കായി വിശക്കുകയും ദാഹിക്കുകയും ചെയ്ത അലക്സ്, നീ ഭാഗ്യവാൻ!
ഹൃദയസ്തംഭനംമൂലം അപ്രതീക്ഷിതമായി യാത്രയാകുന്പോൾ, വക്കീൽ വസ്ത്രത്തിന്റെ അർത്ഥവിസ്തൃതിയിൽ നീ ചേർത്തണച്ച അനേകരുടെ നീതിവിജയത്തിന്റെ ആരവം നിന്റെ ആത്മാവിന് അകന്പടിയാകട്ടെ. പാതിവഴിയിൽ ഏകയാകുന്ന പ്രിയപത്നിയും അഞ്ചു തങ്കക്കുടങ്ങളും ദൈവപരിപാലയുടെ കാവൽ, നിതരാം നുകരട്ടെ. നേരിന്റെ മൂർച്ചയുള്ള നിന്റെ വാക്കിന്റെ തിളക്കങ്ങൾ നീതിവാദികളുടെ വീഥിയിൽ സത്യപ്രഭയാകട്ടെ. പ്രിയ അലക്സ്, നീ വാദിയുടെ അലകും നീതിയുടെ അഴകുമാണ്. നിന്റെ ആത്മാവിന് നിത്യശാന്തി.
കൊച്ചേട്ടൻ
ഡിസിഎൽ സംസ്ഥാന ടാലന്റ് ഫെസ്റ്റ് ഫെബ്രു. 1-ന് അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്കൂളിൽ
കോട്ടയം: ഡിസിഎൽ സംസ്ഥാന ടാലന്റ് ഫെസ്റ്റ് ഫെബ്രുവരി ഒന്നിന് അങ്കമാലി വിശ്വജ്യോതി സിഎംഐ പബ്ലിക് സ്കൂളിൽ നടക്കും.
പ്രവിശ്യാമത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ കുട്ടികൾക്കാണ് സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാൻ അർഹതയുള്ളത്.
എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങൾ തിരിച്ചാണ് മത്സരം. പ്രസംഗം, ലളിതഗാനം, ഡിസിഎൽ ആന്തം, ഡിസിഎൽ ലഹരിവിരുദ്ധ ഗാനം, ചെറുകഥാരചന, കവിതാരചന, ഉപന്യാസരചന എന്നീ ഇനങ്ങളിലാണ് മത്സരം. ഡിസിഎൽ ആന്തം, ലഹരിവിരുദ്ധഗാനം എന്നിവ ഒഴികെ എല്ലാ മത്സരങ്ങളും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായിരിക്കും.
ഗ്രൂപ്പ് മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് രചനാമത്സരത്തിൽ പങ്കെടുക്കാൻ അർഹതയുണ്ടായിരിക്കുകയില്ല.
ഡിസിഎൽ ആന്തം, ഡിസിഎൽ ലഹരിവിരുദ്ധ സംഘഗാനം മത്സരങ്ങളിൽ ഏഴു പേരടങ്ങുന്ന ടീമിന് പങ്കെടുക്കാം. കരോക്കെ ഉണ്ടായിരിക്കുന്നതല്ല.
പ്രസംഗത്തിന് എൽപി വിഭാഗത്തിന് മൂന്നു മിനിറ്റും യു.പി. ഹൈസ്കൂൾ വിഭാഗങ്ങൾക്ക് 5 മിനിറ്റുമായിരിക്കും സമയം. വിഷയം - എൽ പി വിഭാഗം: കൃത്യനിഷ്ഠയും അച്ചടക്കവും ജീവിത വിജയത്തിന്.
യു.പി വിഭാഗം - (1) അധ്യാപകർ അറിവിന്റെ വഴികാട്ടികൾ (2) മാറുന്ന ലോകവും നിർമ്മിത ബുദ്ധിയും (നിർമിത ബുദ്ധി - Artificial Intelligence - AI) ഹൈസ്കൂൾ വിഭാഗത്തിന് മത്സരത്തിന് 5 മിനിറ്റു മുന്പ് വിഷയം നൽകും.
മത്സരങ്ങൾ രാവിലെ 9-ന് ആരംഭിക്കും. ഉച്ചകഴിഞ്ഞ് മൂന്നിനു നടക്കുന്ന സമാപനസമ്മേളനത്തിൽ വിജയികൾക്കു സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നൽകും.
കോട്ടയം പ്രവിശ്യാ ടാലന്റ് ഫെസ്റ്റ് 25-ന് കാഞ്ഞിരപ്പള്ളിയിൽ
കോട്ടയം: ഡിസിഎൽ കോട്ടയം പ്രവിശ്യാ ടാലന്റ്ഫെസ്റ്റ് 25-ന് കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ നടക്കും.
മേഖലകളിൽ നടത്തിയ ടാലന്റ്ഫെസ്റ്റിൽ ആദ്യ മൂന്നു സ്ഥാനങ്ങൾ നേടിയവർക്കാണ് പ്രവിശ്യാ ടാലന്റ് ഫെസ്റ്റിൽ മത്സരിക്കാൻ അർഹതയുള്ളത്. ക ൂടുതൽ വിവരങ്ങൾക്ക് കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേലിനെ ബന്ധപ്പെടുക. ഫോൺ- 6238219465
ഡിസിഎൽ തൊടുപുഴ പ്രവിശ്യാ ടാലന്റ് ഫെസ്റ്റ്: തൊടുപുഴ മേഖലയ്ക്ക് ഓവറോൾ, മൂലമറ്റം ഫസ്റ്റ് റണ്ണർ അപ്പ്
തൊടുപുഴ : ഡിസിഎൽ തൊടുപുഴ പ്രവിശ്യയുടെ രണ്ടാമത് ടാലന്റ് ഫെസ്റ്റിൽ 616 പോയിന്റോടെ എൽ പി, യു.പി, എച്ച് എസ് വിഭാഗങ്ങളിൽ തൊടുപുഴ മേഖല ഓവറോൾ നേടി .
മൂന്ന് വിഭാഗങ്ങളിലും മൂലമറ്റം മേഖലയാണ് ഫസ്റ്റ് റണ്ണർ അപ്പ് . എൽപിയിലും യു.പി യിലും വഴിത്തല മേഖലയും എച്ച് എസിൽ മുവാറ്റുപുഴ മേഖലയും സെക്കൻഡ് റണ്ണർ അപ്പ് കരസ്ഥമാക്കി . എൽപി , എച്ച് എസ് വിഭാഗങ്ങളിൽ കരിമണ്ണൂർ മേഖലയും യു.പി യിൽ മുവാറ്റുപുഴ മേഖലയും നാലാം സ്ഥാനങ്ങൾ നേടി . തൊടുപുഴ ഡിപോൾ പബ്ലിക് സ്കൂളിലെ 10 വേദികളിലായി നടത്തിയ ഫെസ്റ്റ് സംസ്ഥാന പ്രോഗ്രാം കോ - ഓർഡിനേറ്റർ എബി ജോർജ് ഉദ്ഘാടനം ചെയ്തു . പ്രവിശ്യാ കോ - ഓർഡിനേറ്റർ റോയ് ജെ കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു .
സമാപന സമ്മേളനത്തിൽ ഡിപോൾ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ. സിബി കെ. ജോൺ കരികിലാമറ്റം നവവൽസര സന്ദേശം നൽകുകയും സമ്മാനങ്ങളും സർട്ടിഫിക്കറ്റും ഓവറോൾ ട്രോഫികളും വിതരണം ചെയ്യുകയും ചെയ്തു .
കരിമണ്ണൂർ മേഖലാ പ്രസിഡന്റ് മിനി ജസ്റ്റിൻ , വഴിത്തല മേഖലാ ഓർഗനൈസർ വിവിഷ് വി. റോളൻറ് , ഡയറക്ടർമാരായ ബിന്ദു ജോസഫ് , ജിൽസ് ജോസഫ് , ബിന്ദു പി.സി എന്നിവർ പ്രസംഗിച്ചു . പ്രവിശ്യാ - മേഖലാ ഭാരവാഹികൾ , ശാഖാ ഡയറക്ടർമാർ തുടങ്ങിയവർ നേതൃത്വം നൽകി