ഐ.സി. ബാലകൃഷ്ണൻ രാജിവയ്ക്കണം: എം.വി. ഗോവിന്ദൻ
Friday, January 10, 2025 2:09 AM IST
കോഴിക്കോട്: വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്റെയും മകന്റെയും ആത്മഹത്യ, കൊലപാതകംതന്നെയാണെന്നും വിഷയത്തിൽ ഐ.സി. ബാലകൃഷ്ണൻ എംഎൽഎസ്ഥാനം രാജിവയ്ക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
അതിദാരുണമായ സംഭവമാണു നടന്നതെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. വിജയന്റെയും മകന്റെയും മരണത്തിൽ കൃത്യമായ അന്വേഷണം നടത്തണം.
കെപിസിസി അധ്യക്ഷൻ കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും വിജയനെയും മകനെയും ആക്ഷേപിച്ചു. വിജയന്റെ കുടുംബം ഭീഷണിപ്പെടുത്തുകയാണെന്നാണ് സുധാകരനും സതീശനും പറഞ്ഞത്. മനഃസാക്ഷിയുള്ള ആർക്കും ഇങ്ങനെ പറയാനാകില്ല.
50 വർഷം എല്ലാ പ്രതിസന്ധികൾക്കിടയിലും കോൺഗ്രസിന്റെ ഭാഗമായി നിന്നയാളാണ് വിജയൻ. ഒരുതരത്തിലും കോൺഗ്രസിനെ വേദനിപ്പിക്കരുതെന്ന നിലപാട് സ്വീകരിച്ചുകൊണ്ട് സ്വയം ഇല്ലാതാകുകയായിരുന്നു അദ്ദേഹമെന്ന് ഗോവിന്ദൻ പറഞ്ഞു.
പെരിയ ഇരട്ടക്കൊലപാതകക്കേസിൽ സിബിഐയുടെ രാഷ്ട്രീയപ്രേരിതനീക്കം ഹൈക്കോടതി തടഞ്ഞിരിക്കുന്നുവെന്നു പറഞ്ഞ ഗോവിന്ദൻ കുറ്റാരോപിതരെ മാല ഇട്ട് സ്വീകരിക്കുന്നതിൽ എന്താണു കുഴപ്പമെന്നും ചോദിച്ചു. പാർട്ടിയുടെ ഭാഗമായി നിൽക്കുന്നവരെ കള്ളക്കേസിൽ പെടുത്തി. അവരെ കോടതി ഇടപെട്ട് പുറത്തുവിടുന്നതിലൂടെ ശരിയായ സന്ദേശമാണു നൽകുന്നത്. അതിനു ജനങ്ങളുടെ പൂർണ പിന്തുണയുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു.