കെഎഫ്സിയുടെ പണത്തിന്റെ മുതലും പലിശയും ഇല്ലാതാക്കിയത് പാർട്ടി ബന്ധുക്കൾ: പ്രതിപക്ഷനേതാവ്
Friday, January 10, 2025 1:09 AM IST
തിരുവനന്തപുരം: കരുതൽ ധനമായി നാലു വർഷത്തേക്ക് ഫെഡറൽ ബാങ്കിൽ നിക്ഷേപിച്ചിരുന്ന കെഎഫ്സിയുടെ പണം മുതലിനും പലിശയ്ക്കും സുരക്ഷിതത്വം ഇല്ലാത്ത അംബാനിയുടെ കന്പനിയിലേക്ക് മാറ്റി നിക്ഷേപിച്ചതിനു പിന്നിൽ സിപിഎം പാർട്ടിയുടെ ബന്ധുക്കളാണെന്നു പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ഈ അഴിമതി അന്വേഷിച്ചില്ലെങ്കിൽ പ്രതിപക്ഷം രാഷ്ട്രീയമായും നിയമപരമായും നേരിടും.
പാർട്ടി ബന്ധുക്കളായ ചിലർ കെഎഫ്സിയിലുണ്ട്. അവർക്ക് പാർട്ടിയുമായാണ് നേരിട്ട് ബന്ധം.മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്കിന്റെ കൂടി അറിവോടെയാണ് പണം നിക്ഷേപിച്ചത്. രാഷ്ട്രീയ പിന്തുണയോടെ പാർട്ടി ബന്ധുക്കൾ കോടികൾ കമ്മീഷൻ വാങ്ങി കെഎഫ്സിയുടെ പണം അംബാനിയുടെ കന്പനിയിൽ നിക്ഷേപിച്ചു. ഇതിനായി കെഎഫ്സി ബോർഡ് യോഗം ചേരുകയോ സർക്കാരിന്റെ അനുമതി വാങ്ങുകയോ ചെയ്തില്ല.
കെഎഫ്സിയുടെ കരുതൽ ധനത്തിന്റെ ഭാഗമായാണ് 61 കോടി രൂപ 2018 ഏപ്രിൽ നാലിന് 8.69 ശതമാനം പലിശയ്ക്ക് നാല് വർഷത്തേക്ക് ഫെഡറൽ ബാങ്കിൽ നിക്ഷേപിച്ചത്.
ആ പണം നിക്ഷേപിച്ച ആതേ വർഷം തന്നെ 8.90 ശതമാനം പലിശ കിട്ടുമെന്ന് പറഞ്ഞ് അംബാനിയുടെ കന്പനിയിലേക്ക് മാറ്റി നിക്ഷേപിക്കുകയായിരുന്നുവെന്ന് വി.ഡി. സതീശൻ ആരോപിച്ചു.