ഷുക്കൂര്‍ വധക്കേസില്‍ വിചാരണ മേയ് അഞ്ചിനു തുടങ്ങും
Friday, January 10, 2025 2:10 AM IST
കൊച്ചി: യൂത്ത് ലീഗ് പ്രവര്ത്തകന് അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ മേയ് അഞ്ചിന് തുടങ്ങും. എറണാകുളം പ്രത്യേക സിബിഐ കോടതിയിൽ രണ്ടു ഘട്ടങ്ങളിലായിട്ടായിരിക്കും വിചാരണ. ആദ്യഘട്ടത്തില്‍, കൊലപാതകം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട 21 സാക്ഷികളെ വിസ്തരിക്കും. മറ്റു സാക്ഷികളെ രണ്ടാം ഘട്ടത്തില്‍ വിചാരണ ചെയ്യും.
കേസില്‍ സിപിഎം സംസ്ഥാന സമിതിയംഗം പി. ജയരാജനും മുന്‍ എംഎല്‍എ ടി.വി. രാജേഷിനും വിചാരണ കൂടാതെ വിടുതല്‍ നല്കണമെന്നാവശ്യപ്പെട്ടു നല്കിയ ഹര്‍ജി കോടതി തള്ളിയിരുന്നു. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് പി. ജയരാജനും ടി.വി. രാജേഷിനുമെതിരേ സിബിഐയുടെ കുറ്റപത്രത്തിലുള്ളത്.
സംസ്ഥാന പോലീസിന്റെ അന്വേഷണത്തിനെതിരേ അബ്ദുൾ ഷുക്കൂറിന്റെ അമ്മ ആത്തിക്ക സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി കേസന്വേഷണം സിബിഐക്ക് വിടുകയും കേസില്‍ തുടരന്വേഷണം നടത്താന്‍ ഉത്തരാവുകയും ചെയ്തിരുന്നു.
ഇതേത്തുടര്‍ന്നാണ് ക്രിമിനല്‍ ഗൂഢാലോചന കുറ്റവും കൂടി ഉള്‍പ്പെടുത്തി സിബിഐ പി. ജയരാജനും ടി.വി. രാജേഷിനുമെതിരേ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ ആകെ 33 പ്രതികളാണുള്ളത്.
ഷുക്കൂറിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ നടന്നുവെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. ഷുക്കൂറിന്റെ അമ്മ ആത്തിക്കയ്ക്കുവേണ്ടി അഡ്വ. മുഹമ്മദ് ഷാ കേസില്‍ ഹാജരായി. കേസ് സിബിഐ സ്പെഷല്‍ കോടതി ജഡ്ജി പി. ശബരിനാഥനാണു പരിഗണിക്കുന്നത്.