മുഖ്യമന്ത്രിക്കെതിരേ രൂക്ഷവിമര്‍ശനവുമായി എന്‍സിപി
Sunday, July 14, 2024 12:51 AM IST
കൊച്ചി: സാധാരണ ജനങ്ങളില്‍നിന്ന് അകന്നതും ഭരണവിരുദ്ധ വികാരവും ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു വില്ലനായതായി ഘടകകക്ഷിയായ എന്‍സിപി.
കൊച്ചിയില്‍ നടന്ന സംസ്ഥാന നിര്‍വാഹക സമിതി യോഗത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ രേഖയിലാണ് മുഖ്യമന്ത്രിയേയടക്കം കടുത്ത ഭാഷയില്‍ എന്‍സിപി വിമര്‍ശിച്ചത്.
സിപിഎമ്മിന്റെ സംഘടനാസംവിധാനം ഇല്ലായിരുന്നെങ്കില്‍ ഇതിലും ഭീകരമാകുമായിരുന്നു പതനമെന്നും രാഷ്ട്രീയരേഖയില്‍ വ്യക്തമാക്കി. നേതൃത്വം തെറ്റില്‍നിന്നു തെറ്റിലേക്കു പോയപ്പോള്‍ ജനങ്ങള്‍ സ്വയം ‘രക്ഷാപ്രവര്‍ത്തനം’ നടത്തിയതാണു ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ കനത്ത പരാജയത്തിനു കാരണമെന്ന് യോഗം വിലയിരുത്തി.
മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ പിഴവുകളും എല്‍ഡിഎഫ് കണ്‍വീനറുടെ കൂട്ടുകെട്ടുകളും പിന്‍വാതില്‍ നിയമനങ്ങളും എസ്എഫ്ഐയുടെ ഗുണ്ടായിസവും നവകേരള സദസ് അടക്കമുള്ളവയും പരാജയത്തിനു കാരണമായി. എല്‍ഡിഎഫും മുഖ്യമന്ത്രിയും തെറ്റുകള്‍ തിരുത്തണമെന്നും എന്‍സിപി ആവശ്യപ്പെട്ടു.