സിദ്ധാര്‍ഥന്റെ മരണം: പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പീഡനം വ്യക്തം
Friday, March 1, 2024 2:28 AM IST
കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളജ് ബിവിഎസ്സി ആന്‍ഡ് അനിമല്‍ ഹസ്ബന്‍ഡറി രണ്ടാംവര്‍ഷ വിദ്യാര്‍ഥി നെടുമങ്ങാട് സ്വദേശി സിദ്ധാര്ഥന് റെ(21) പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആത്മഹത്യക്കു മുമ്പ് അനുഭവിക്കേണ്ടിവന്ന പീഡനങ്ങൾ വ്യക്തം. മൂന്നു ദിവസം വരെ പഴക്കമുള്ള പരിക്കുകളാണ് 19ന് ബത്തേരി താലൂക്ക് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയത്.
കഴുത്തിന് ഒമ്പത് സെന്റിമീറ്റര്‍ മുകളില്‍ തലയോടിന്റെ വലതുഭാഗത്ത് ചതവും, മുഖത്തിന് ഇടതുവശത്തും വലതുചെവിയോടു ചേര്‍ന്നും പോറലുകളും ഉള്ളതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ദേഹത്ത് ആഴം കുറഞ്ഞ നിരവധി മുറിവുകളും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി.
സിദ്ധാര്‍ഥനെ ഒരുസംഘം വിദ്യാര്‍ഥികള്‍ മര്‍ദിച്ച് കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കിയതാണെന്നു രക്ഷിതാക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍, തൂങ്ങിമരണമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഫെബ്രുവരി 18നാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ സിദ്ധാര്‍ഥനെ കണ്ടെത്തിയത്.
ലോക പ്രണയദിനമായ 14 മുതല്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ സിദ്ധാര്‍ഥനെ ഉപദ്രവിച്ചിരുന്നു. 15ന് വീട്ടിലേക്കു പുറപ്പെട്ട സിദ്ധാര്ഥന് എറണാകുളത്ത് എത്തിയപ്പോഴേക്കും ലഭിച്ച ഫോണ്‍ വിളിയെത്തുടര്‍ന്ന് കാമ്പസിലേക്കു മടങ്ങി.
16നും 17നും സീനിയര്‍ വിദ്യാര്‍ഥികളില്‍ ഒരു സംഘം സിദ്ധാര്‍ഥനെ മാനസികമായി പീഡിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്തിരുന്നു. 18നു രാവിലെ ഹോസ്റ്റല്‍ അന്തേവാസികളായ 130 വിദ്യാര്‍ഥികളുടെ സാന്നിധ്യത്തില്‍ വിചാരണ ചെയ്തു. ഇതിനു പിന്നാലെയാണ് സിദ്ധാര്‍ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
യുവാവ് മര്‍ദനത്തിനും മാനസികപീഡനത്തിനും ഇരയായ വിവരം സഹപാഠികളില്‍ ചിലര്‍ മുഖേനയാണ് രക്ഷിതാക്കള്‍ അറിഞ്ഞത്. പിതാവ് വൈത്തിരി പോലീസില്‍ പരാതി നല്‍കിയതോടെയാണ് സിദ്ധാര്ഥനുനേരേയുണ്ടായ ക്രൂരത കാമ്പസിനു പുറത്തറിഞ്ഞത്.