വന്ദേഭാരത്: ബിജെപിയുടേത് വിലകുറഞ്ഞ രാഷ്ട്രീയക്കളിയെന്നു കെ. മുരളീധരൻ
Tuesday, September 26, 2023 6:33 AM IST
തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരതിന്റെ ഉദ്ഘാടനവേദിയിൽ ബിജെപി നടത്തിയത് തരംതാണ രാഷ്ട്രീ യക്കളിയാണെന്നു കോണ്ഗ്രസ് നേതാവ് കെ. മുരളീധരൻ എംപി. രണ്ടാം വന്ദേഭാരതിന്റെ ഉദ്ഘാടനയാത്രയിൽ മുഴുനീളെ ബിജെപിയുടെ ജാഥയും ബഹളവുമാണുണ്ടായത്.
ബിജെപി ഓഫീസിൽ ഇരുന്ന പോലെ അകപ്പെട്ടുപോയെന്നും കേന്ദ്ര സഹമന്ത്രി വി. മുരളീധരനു വേണ്ടി 10 മിനിറ്റ് എല്ലാ സ്റ്റേഷനിലും വന്ദേഭാരത് നിർത്തിയെന്നും കെ. മുരളീധരൻ കുറ്റപ്പെടുത്തി.
രണ്ടാം വന്ദേഭാരത് ആരുടെയെങ്കിലും സമ്മർദം കൊണ്ടല്ല മറിച്ച് ആദ്യത്തെ വന്ദേഭാരത് മികച്ച വരുമാനം നൽകിയത്കൊണ്ടുകൂടിയാണ് അനുവദിച്ചത്. റെയിൽവേ സ്റ്റേഷനിൽനിന്നും ബിജെപി പ്രവർത്തകർ പതാകയുമായി ട്രെയിനിൽ കയറുന്നത് എന്തിനാണെന്നും മുരളീധരൻ ചോദിച്ചു.
ചില സഹമന്ത്രിമാരുടെ ഏകപണി പ്രധാനമന്ത്രിയുടെ പിന്നാലെ ഓടലാണ്. വി. മുരളീധരൻ ആണ് ഇതിനെല്ലാം നേതൃത്വം കൊടുക്കുന്നത്. കേരളത്തിനു വല്ലതും അനുവദിക്കുന്പോൾ ഞാൻ അറിയാതെ കൊടുക്കരുതെന്ന് പറയുന്നയാളാണ് മുരളീധരൻ. ഇരിക്കുന്ന പദവിയിൽ ഒരു മാന്യതയും ഇല്ലാത്ത ആളാണ് വി.മുരളീധരനെന്നും കെ. മുരളീധരൻ പരിഹസിച്ചു.
രാഷ്ട്രീയത്തിൽനിന്നു മാറ്റിനിർത്താനാകില്ല
ആരുവിചാരിച്ചാലും തന്നെ രാഷ്ട്രീയത്തിൽനിന്നു മാറ്റിനിർത്താനാകില്ലെന്നു കെ.മുരളീധരൻ എംപി. എന്നാൽ ഇനിയൊരു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു താത്പര്യമില്ല. അതേസമയം അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി എടുക്കുന്ന ഏതു തീരുമാനവും അനുസരിക്കും. ഇപ്പോൾ സ്ഥാനാർഥി ചർച്ച ഒന്നും നടന്നിട്ടില്ല.
ആരൊക്കെ മത്സരിക്കണമെന്നു തീരുമാനിക്കുന്നതു പാർട്ടി ദേശീയ നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു. താൻ കാരണം കേരളത്തിൽ രണ്ട് ഉപതെരഞ്ഞെടുപ്പുകളുണ്ടായെന്നും എന്നാൽ, ഇനി അതിന് ഒരു അവസരമുണ്ടാകില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.