കാട്ടാനക്കലി; രണ്ടു ജീവൻകൂടി പൊലിഞ്ഞു
Wednesday, February 12, 2025 2:42 AM IST
സുൽത്താൻ ബത്തേരി/പാലോട്: വയനാട് നൂൽപ്പുഴയിലും തിരുവനന്തപുരം ശാസ്താനടയിലും കാട്ടാന ആക്രമണത്തിൽ രണ്ടു പേർ മരിച്ചു.
കേരള അതിർത്തിയോടു ചേർന്ന തമിഴ്നാട് അന്പലമൂല വെള്ളരിയിലെ നരിക്കൊല്ലി മെഴുകൻമൂല ഉന്നതിയിലെ മനു (45), മടത്തറ ശാസ്താനട വലിയ പുലിക്കോട് ചതുപ്പ് സ്വദേശി ബാബു (54) എന്നിവരാണു മരിച്ചത്. ഇതോടെ സംസ്ഥാനത്ത് രണ്ടു ദിവസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി. കഴിഞ്ഞദിവസം ഇടുക്കി സ്വദേശിനി സോഫിയ മരിച്ചിരുന്നു.
നൂൽപ്പുഴയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച മനു ആദിവാസി വിഭാഗക്കാരനാണ്. തിങ്കളാഴ്ച രാത്രി മനുവും ഭാര്യയും കേരളത്തിലെ കാപ്പാട് ഉന്നതിയിലെ തറവാട്ടുവീട്ടിലേക്കു വരുന്നതിനിടെയായിരുന്നു ആനയുടെ ആക്രമണം.
ഇന്നലെ രാവിലെയാണ് മനുവിന്റെ മൃതദേഹം ഉന്നതിക്കു സമീപം വയലിൽ നാട്ടുകാർ കണ്ടെത്തിയത്. മനുവിനൊപ്പമുണ്ടായിരുന്ന ഭാര്യ ചന്ദ്രികയെ കാണാതായതു പരിഭ്രാന്തി പരത്തിയിരുന്നു. ഇവർ സുരക്ഷിതയാണെന്നു പിന്നീട് സ്ഥിരീകരിച്ചു.
പകൽ നന്പ്യാർകുന്നിനു പോയ മനുവും ഭാര്യയും വീട്ടുസാധനങ്ങൾ വാങ്ങി ഓട്ടോറിക്ഷയിലാണ് ഉന്നതിക്ക് ഒരു കിലോ മീറ്റർ അകലെയുള്ള വെള്ളരിയിൽ എത്തിയത്. ഇവിടെനിന്ന് ഉന്നതിയിലേക്കു പോകവേയാണ് ആനയുടെ മുന്നിൽപ്പെട്ടത്.
ഇന്നലെ ഉന്നതിയിലെ നാട്ടുകാർ നടത്തിയ തെരച്ചിലിലാണു രാവിലെ എട്ടോടെ വീടിനു സമീപത്തെ വയലിൽ മൃതദേഹം കണ്ടെത്തിയത്. വീട്ടിലേക്കു വയലിലൂടെ വരുന്ന വഴിയുടെ സമീപത്തായാണു മൃതദേഹം കാണപ്പെട്ടത്. വഴിയിൽ മക്കൾക്കു നൽകാൻ വാങ്ങിയ റസ്ക്കിന്റെ പായ്ക്കറ്റും വെറ്റിലയും ചുണ്ണാന്പും പുകയിലയും ചിതറിക്കിടന്നിരുന്നു.
വയനാട് വന്യജീവിസങ്കേതത്തിലെ മുത്തങ്ങ റേഞ്ചിൽപ്പെട്ട പ്രദേശമാണു കാപ്പാട്. തമിഴ്നാട്, കർണാടക വനാതിർത്തിയോടു ചേർന്നാണ് നൂൽപ്പുഴ പഞ്ചായത്തിലെ 12-ാം വാർഡിൽപ്പെടുന്ന ഈ പ്രദേശം. ജില്ലാ കളക്ടറോ വൈൽഡ് ലൈഫ് വാർഡനോ വരാതെ മൃതദേഹം മാറ്റാൻ സമ്മതിക്കുകയില്ലെന്നു പ്രതിഷേധക്കാർ പറഞ്ഞു.
പതിനൊന്നരയോടെ വൈൽഡ് ലൈഫ് വാർഡൻ വരുണ് ഡാലിയ സ്ഥലത്തെത്തി ജനപ്രതിനിധികളും പ്രദേശവാസികളുമായി നടത്തിയ ചർച്ചയെത്തുടർന്ന് നഷ്ടപരിഹാരത്തിന്റെ പകുതി തുക ഉടൻ നൽകാമെന്നും പ്രതിരോധ സംവിധാനം ഇന്നുമുതൽ കാര്യക്ഷമമാക്കാമെന്നും ഉറപ്പു നൽകി. ഇതേത്തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചതോടെ മൃതദേഹം താലൂക്ക് ആശുപത്രിയിലേക്കു പോസ്റ്റ് മോർട്ടത്തിനായി മാറ്റി.
പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകി. സജിത, ബബിന, സംഗീത, സനിഷ എന്നിവരാണു മക്കൾ.
കാട്ടാന ആക്രമണത്തിൽ ഗോത്രവർഗ യുവാവ് കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ഫാർമേഴ്സ് റിലീഫ് ഫോറം ഇന്ന് വയനാട് ഹർത്താലിന് ആഹ്വാനം ചെയ്തു.