സ്വകാര്യ സർവകലാശാല: ഡിഗ്രി മുതൽ പിഎച്ച്ഡി വരെ കോഴ്സുകൾ
Tuesday, February 11, 2025 6:39 AM IST
തിരുവനന്തപുരം: മന്ത്രിസഭ അംഗീകാരം നല്കിയ സ്വകാര്യ സർവകലാശാല കരട് ബില്ലിൽ കോളജുകൾ, വിദ്യാർഥികൾക്കു താമസിക്കാനുള്ള റസിഡൻഷൽ കാന്പസ്, ഷോപ്പിംഗ് മാളുകൾ, സെമിനാറിനുള്ള വേദികൾ എന്നിവയുൾപ്പെട്ട ടൗണ്ഷിപ്പായിട്ടാണു സർവകലാശാലകളെ വിഭാവനം ചെയ്തിരിക്കുന്നത്.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ അനുഭവപരിചയമുള്ള സ്വകാര്യ സ്ഥാപനങ്ങൾക്കാണു സർവകലാശാല ആരംഭിക്കാൻ അനുമതി നൽകുക. സർക്കാർ ഏജൻസികൾ നിർദേശിക്കുന്ന യോഗ്യതയുള്ള അധ്യാപകരെ മാത്രമേ നിയമിക്കാവൂ. മെഡിക്കൽ, എൻജിനിയറിംഗ്, ആർട്സ് ഉൾപ്പെടെ എല്ലാ വിഷയങ്ങളിലും ഡിഗ്രി മുതൽ പിഎച്ച്ഡി വരെയുള്ള കോഴ്സുകൾ നടത്താം. സർക്കാർ, സ്വകാര്യ മേഖലയിലെ സർവകലാശാലകൾക്കു സഹകരിച്ചു പ്രവർത്തിക്കുന്നതിനു തടസമില്ല. സർവകലാശാല സ്ഥാപിക്കുന്നതിനായി സംസ്ഥാന സർക്കാരിന് ലഭിക്കുന്ന അപേക്ഷയിൽ വിദ്യാഭ്യാസ വിചക്ഷണൻ അധ്യക്ഷനായ ആറംഗ സമിതി അനുമതിക്കാര്യത്തിൽ തീരുമാനമെടുക്കും. ഓരോ സർവകലാശാലയുടെയും തീരുമാനമെടുക്കുന്നതിനുള്ള കൂടിയാലോചനാ സമിതിയിൽ അതതു ജില്ലാ കളക്ടർ അനൗദ്യോഗിക അംഗമായിരിക്കും.
ഗവർണറെ കണ്ടു ചർച്ച നടത്തി മന്ത്രിമാർ
തിരുവനന്തപുരം: സർവകലാശാലാ വിഷയത്തിൽ മഞ്ഞുരുക്കാൻ ഗവർണറെ കണ്ടു ചർച്ച നടത്തി മന്ത്രിമാർ. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദുവും നിയമമന്ത്രി പി. രാജീവുമാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ കണ്ടു ചർച്ച നടത്തിയത്. സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർമാരില്ലാത്തതിനാൽ വിസിമാരെ നിയമിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ചർച്ചാ വിഷയമായി.
മുൻ ഗവർണർ ആരിഫ് മുഹമ്മദ്ഖാനും സർക്കാരും രണ്ടു തട്ടിലായിരുന്ന സാഹചര്യത്തിൽ സർവകലാശാലകളിൽ സ്ഥിരം വിസിമാരെ നിയമിക്കാനുള്ള ഗവർണറുടെ നടപടികൾ സ്തംഭനത്തിലായിരുന്നു.