കോടതി ഫീസ് വർധന ഭരണഘടനാവിരുദ്ധമല്ലെന്ന് മന്ത്രി പി. രാജീവ്
Wednesday, February 12, 2025 1:42 AM IST
തിരുവനന്തപുരം: ബജറ്റിൽ പ്രഖ്യാപിച്ച കോടതി ഫീസ് വർധന ഭരണഘടനാവിരുദ്ധമല്ലെന്നു മന്ത്രി പി. രാജീവ് നിയമസഭയിൽ പറഞ്ഞു. ഇതുവരെ 13 തവണ കോടതി ഫീസ് കൂട്ടിയിട്ടുണ്ട്. വർധന ആകാമെന്നു ലോ കമ്മീഷൻ ശിപാർശയും സുപ്രീംകോടതി ഉത്തരവുമുണ്ട്.
ജസ്റ്റീസ് വി.കെ.മോഹനൻ അധ്യക്ഷനായ അഞ്ചംഗ വിദഗ്ദ്ധസമിതിയുടെ ശിപാർശ പ്രകാരമാണ് ഇത്തവണ ഫീസ് കൂട്ടിയത്. ഇതു നടപ്പാക്കാൻ 1959ലെ കോടതി ഫീസ് നിയമത്തിൽ ഭേദഗതി വേണ്ടിവരും.
2003ലാണ് ഒടുവിൽ ഫീസ് വർധിപ്പിച്ചത്. അതു പഠനമൊന്നും നടത്താതെയാണ്. എല്ലാവർക്കും നീതി ഉറപ്പാക്കാൻ സൗജന്യ നിയമസഹായത്തിനടക്കം സർക്കാർ പണം മുടക്കുന്നതായും യു.എ. ലത്തീഫിന്റെ സബ്മിഷനു മന്ത്രി മറുപടി നൽകി.