പാതിവില തട്ടിപ്പ് അന്വേഷിക്കാൻ ഇഡിയും
Wednesday, February 12, 2025 2:42 AM IST
കൊച്ചി: പാതിവില തട്ടിപ്പുകേസില്‍ അന്വേഷണത്തിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി). പ്രാഥമിക അന്വേഷണത്തിനുശേഷം കൊച്ചി യൂണിറ്റ് ഇസിഐആര്‍ (എൻഫോഴ്സ്മെന്റ് കേസ് ഇന്‍ഫർമേഷൻ റിപ്പോർട്ട്) രജിസ്റ്റര്‍ ചെയ്തതായാണു വിവരം.
ഇതുസംബന്ധിച്ച് ഇഡി ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിവരങ്ങള്‍ ഇഡി ശേഖരിച്ചിരുന്നു. പ്രതി അനന്തുകൃഷ്ണന് കള്ളപ്പണം വെളുപ്പിച്ചോ എന്നതടക്കം ഇഡിയുടെ അന്വേഷണപരിധിയിലാണ്.
പോലീസ് ചുമത്തിയ വഞ്ചനാക്കുറ്റത്തിന്റെ ചുവടുപിടിച്ചാകും ഇഡിയുടെ അന്വേഷണം. മണിചെയിന്‍ മാതൃകയിലായിരുന്നു തട്ടിപ്പെന്നാണു കണ്ടെത്തല്‍. അനന്തു കൃഷ്ണന്റെ പേരില്‍ 19 ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളതായും ഇതുവഴി 450 കോടിയുടെ ഇടപാടുകള്‍ നടന്നതായും പോലീസ് കണ്ടെത്തിയിരുന്നു.