കാട്ടുപന്നി ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്ക്
Wednesday, February 12, 2025 1:42 AM IST
കരുവാരക്കുണ്ട്: കാട്ടുപന്നി ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്കേറ്റു. കരുവാരകുണ്ട് ചുള്ളിയോട്ടിലെ പ്ലാത്തോട്ടത്തില്‍ ഏലിയാമ്മയ്ക്കാണു പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇവരെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 10.30ഓടെയാണു സംഭവം. പശുവിനു കഞ്ഞിവെള്ളം നല്‍കാനായി പുറത്തിറങ്ങിയ ഏലിയാമ്മയെ കാട്ടുപന്നി ഇടിച്ചുവീഴ്ത്തുകയായിരുന്നു.
തലയ്ക്കും കൈയ്ക്കും സാരമായി പരിക്കേറ്റു. മേഖലയില്‍ അടുത്തിടെ കാട്ടുപന്നി ആക്രമണം വര്‍ധിച്ചിരിക്കുന്നതായും ടാപ്പിംഗ് തൊഴിലാളികള്‍ക്ക് ഇവ ഭീഷണി സൃഷ്ടിക്കുന്നതായും പരാതിയുണ്ട്.
ടാപ്പിംഗ് തൊഴിലാളികള്‍ തലനാരിഴയ്ക്കാണ് ഇവയുടെ പിടിയില്‍ നിന്ന് രക്ഷപ്പെടുന്നത്.