23 കാട്ടാനകള്‍ക്കിടയില്‍ 2,000 മനുഷ്യരുടെ ജീവിതം
Wednesday, February 12, 2025 1:42 AM IST
ജോജി പേഴത്തുവയലില്‍
മുണ്ടക്കയം: കൊലവിളിയുമായി പാഞ്ഞുവരുന്ന 23 കാട്ടാനകള്‍. കാട്ടിലെവിടെയോ ഒളിച്ചുപാര്ക്കുകയും തൊഴിലാളികളുടെ വളര്‍ത്തു മൃഗങ്ങളെ ഇരകളാക്കുകയും ചെയ്യുന്ന രണ്ടു കടുവകള്‍. ഒന്നോ രണ്ടോ പുലികളും. കാട്ടുപോത്തും കുരങ്ങും തലങ്ങും വിലങ്ങുമുണ്ട്. കാട്ടുപന്നിക്കൂട്ടം തോട്ടത്തിലും ലയങ്ങള്‍ക്കു ചുറ്റും നെട്ടോട്ടമോടുന്ന കാഴ്ച.
പെരുവന്താനം, കോരുത്തോട് പഞ്ചായത്തുകളില്‍ 27 കിലോ മീറ്റർ വിസ്തൃതമായ ടിആര്‍ ആന്‍ഡ് ടി റബര്‍ എസ്റ്റേറ്റിനുള്ളിലെ മനുഷ്യജീവിതം ഭയാനകമാണ്, ഒപ്പം സാഹസികവും.
എസ്റ്റേറ്റില്‍ മുന്‍പ് ഇത്രയും വന്യമൃഗങ്ങളുണ്ടായിരുന്നില്ല. അടുത്ത കാലത്ത് എസ്റ്റേറ്റില്‍ വിവിധയിടങ്ങളിലായി ഇരുനൂറ് ഏക്കറിലെ റബര്‍ മരങ്ങള്‍ വെട്ടിമാറ്റിയപ്പോള്‍ റീപ്ലാന്റിംഗ് നടത്തിയില്ല.ഇവിടമെല്ലാം വനംപോലെ കാടും മരവും പുല്ലും വളര്‍ന്നുകയറി. ഇതിനുള്ളില്‍ വന്യമൃഗങ്ങള്‍ തമ്പടിക്കുന്നു.
രണ്ടായിരം എസ്റ്റേറ്റ് തൊഴിലാളികള്‍ മതമ്പ, ചെന്നാപ്പാറ, കൊമ്പുകുത്തി, മണിക്കല്ല് തുടങ്ങിയ പ്രദേശങ്ങളിലെ ലയങ്ങളില്‍ ഓരോ ദിവസവും ഭയന്നാണ് കഴിയുന്നത്. സ്ത്രീകളും പുരുഷന്മാരും ടാപ്പിംഗ്, കാടുപറിക്കല് തുടങ്ങിയ വിവിധ ജോലികള്‍ ചെയ്താണ് ജീവിക്കുന്നത്.
വിളിപ്പാടകലെയും കൈയത്തും ദൂരത്തും ആനകള്‍ കൂട്ടമായിനിന്ന് ചിന്നം വിളിക്കുന്ന ഭയാനകമായ സാഹചര്യത്തിലാണ് ഇവരുടെ ജോലികള്‍. കാട്ടാനകള്‍ എസ്റ്റേറ്റിനു പുറത്തുള്ള പ്രദേശങ്ങളിലേക്കും കടന്നുകയറുക പതിവാണ്. ഇത്തരത്തിലുള്ള കടന്നേറ്റമാണ് കഴിഞ്ഞ ദിവസം കൊമ്പന്‍പാറയില്‍ സോഫിയ എന്ന തൊഴിലുറപ്പ് തൊഴിലാളിസ്ത്രീയുടെ ജീവന് കവരാന്‍ ഇടയാക്കിയത്.