തൊഴിലുറപ്പ് തൊഴിലാളികളുടെ എക്സ്ഗ്രേഷ്യ നിരക്ക് ഉയർത്തുമെന്ന് മന്ത്രി
Wednesday, February 12, 2025 1:42 AM IST
തിരുവനന്തപുരം: തൊഴിലുറപ്പ് തൊഴിലാളികളുടെ എക്സ്ഗ്രേഷ്യ നിരക്ക് പ്രധാനമന്ത്രി സുരക്ഷ ബീമാ യോജനയുടേതിനു തുല്യമായി ഉയർത്തുന്നത് പരിഗണനയിലാണെന്ന് മന്ത്രി എം.ബി. രാജേഷ് നിയമസഭയിൽ അറിയിച്ചു.
ജോലിയിൽ ഏർപ്പെട്ടിരിക്കേ തൊഴിലാളികൾക്ക് അപകടമരണമോ അംഗവൈകല്യമോ സംഭവിച്ചാൽ അവകാശികൾക്ക് എക്സ്ഗ്രേഷ്യ ഇനത്തിൽ നിലവിൽ 75,000 രൂപയാണു നൽകുന്നത്.
കേന്ദ്രത്തിന്റെ പരിഷ്കരിച്ച ആന്വൽ മാസ്റ്റർ സർക്കുലർ പ്രകാരം ഇത്തരം സാഹചര്യത്തിൽ പ്രധാനമന്ത്രി സുരക്ഷ ബീമാ യോജന പ്രകാരമുള്ള രണ്ടു ലക്ഷം രൂപ നൽകാൻ വ്യവസ്ഥയുണ്ടെന്നും സി.ആർ മഹേഷിന്റെ ശ്രദ്ധ ക്ഷണിക്കലിനു മന്ത്രി മറുപടി നൽകി.
അപകടകരമായ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് സുരക്ഷാ ഉപകരണങ്ങളും മറ്റും ഉറപ്പാക്കാൻ മിഷൻ ഡയറക്ടർക്കു നിർദേശം നൽകി. സുരക്ഷാ ഉപകരണങ്ങളായ ഗംബൂട്ട്, കൈയുറ തുടങ്ങിയവ നൽകേണ്ടത് അതത് തദ്ദേശസ്ഥാപനത്തിന്റെ ചുമതലയാണ്.
ഇതിന് ആവശ്യമായ തുക തദ്ദേശസ്ഥാപന തനത് ഫണ്ടിൽനിന്നോ സംസ്ഥാന മിഷന്റെ മുൻകൂർ അനുമതിയോടെ പദ്ധതിയുടെ ഭരണച്ചെലവിൽനിന്നോ ചെലവഴിക്കാനാകും.
തൊഴിലിൽ ഏർപ്പെടുന്നയാളോടൊപ്പം പ്രവൃത്തിസ്ഥലത്തു വരുന്ന കുട്ടികൾക്ക് മരണമോ അംഗവൈകല്യമോ ഉണ്ടായാൽ 37,500 രൂപ നൽകുന്നതിന് നിലവിൽ വ്യവസ്ഥയുണ്ട്. ക്ഷേമനിധി രജിസ്ട്രേഷൻ തുടങ്ങുന്നതിനുള്ള നടപടി പുരോഗതിയിലാണെന്നും മന്ത്രി അറിയിച്ചു.