എസ്സിആർടി റിപ്പോർട്ടിലെ നിർദേശം നടപ്പാക്കുമെന്ന് വി. ശിവൻകുട്ടി
Wednesday, February 12, 2025 1:42 AM IST
തിരുവനന്തപുരം: സ്കൂൾ കുട്ടികളിലെ മാനസിക ആരോഗ്യ പ്രശ്നങ്ങൾ സംബന്ധിച്ച എസ്സിആർടിയുടെ പഠന റിപ്പോർട്ടിലെ പരിഹാര നിർദേശങ്ങൾ നടപ്പാക്കുന്ന കാര്യം സർക്കാർ പരിശോധിച്ചുവരികയാണെന്നു മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു. കുട്ടികൾക്കുണ്ടാകുന്ന പ്രശ്നങ്ങൾക്കു കുട്ടികളെ മാത്രം കേന്ദ്രീകരിച്ചല്ല പരിഹാരം തേടേണ്ടത്.
കുട്ടികളുമായി ഇടപെടുന്ന മുതിർന്നവരെക്കൂടി ഉൾപ്പെടുത്തി ഇത്തരം പ്രശ്നപരിഹാര ശ്രമം നടപ്പാക്കേണ്ടതെന്ന് എസ്സിആർടി റിപ്പോർട്ടിൽ പറയുന്നുണ്ടെന്നും മുഹമ്മദ് മുഹ്സിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായി മന്ത്രി പറഞ്ഞു.
കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ആദ്യഘട്ടത്തിൽ അധ്യാപകർതന്നെ ഇടപെടുകയും ആവശ്യമായ സമയം കൗണ്‍സിലർമാരുടെ സഹായം തേടുകയും ചെയ്യുന്നതാണു നിലവിലെ രീതി.
കൗണ്‍സിലർമാർ ആവശ്യമായ ഘട്ടങ്ങളിൽ വനിതാ ശിശുവികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന പാരന്റൽ ക്ലിനിക്കുകളുടെയും സൈക്കോളജിസ്റ്റുകളുടെയും സഹായം തേടും. നിലവിൽ എല്ലാ സ്കൂളുകളിലും കൗണ്‍സിലർമാരുടെ സേവനം ലഭ്യമാക്കാൻ കഴിയുന്നില്ലെന്ന പരിമിതിയുണ്ട്.
മുഴുവൻ അധ്യാപകരെയും ഒരു പ്രാഥമിക കൗണ്‍സിലർമാർ എന്ന നിലയിൽക്കൂടി പ്രവർത്തിക്കാൻ കഴിയത്തക്ക രീതിയിൽ ശാക്തീകരിക്കുന്നതിനുള്ള നടപടി ആലോചിച്ചു വരുന്നതായും മന്ത്രി പറഞ്ഞു.
ഈ അടുത്ത കാലത്തായി അപൂർവം ചില സ്കൂളുകളിലെങ്കിലും നടക്കുന്ന സംഭവങ്ങൾ പരിശോധിക്കുന്പോൾ സ്കൂൾ കുട്ടികളിൽ ഉണ്ടാകുന്ന മാനസിക ആരോഗ്യ പ്രശ്നങ്ങളിൽ മുന്തിയ പരിഗണന കൊടുക്കേണ്ടതാണ്.
അനുവാദമില്ലാതെ വൻഫീസ് ഈടാക്കിയും നിലവിലുള്ള വിദ്യാഭ്യാസ നിയമങ്ങൾ പാലിക്കാതെയും നടത്തുന്ന നിരവധി സ്കൂളുകൾ സംബന്ധിച്ച വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.