സ്വകാര്യ സര്‍വകലാശാല; പൊതുവിദ്യാഭ്യാസം തകര്‍ത്തവര്‍ വ്യാജപ്രചാരണം നടത്തുന്നു: പിണറായി
Wednesday, February 12, 2025 1:42 AM IST
തൃശൂര്‍/കുന്നംകുളം: സാമ്പത്തികനഷ്ടമെന്ന പേരില്‍ പൊതുവിദ്യാഭ്യാസസ്ഥാപനങ്ങള് അടച്ചുപൂട്ടാന്‍ ഒരുങ്ങിയവരാണു സ്വകാര്യസര്‍വകലാശാലാ ബില്ലിനെതിരേ വ്യാജപ്രചാരണം നടത്തുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്.
യുഡിഎഫ് ഭരണത്തില്‍ നാലായിരത്തോളം സ്കൂളുകളാണ് അടച്ചുപൂട്ടലിന്റെ വക്കിലെത്തിയത്. അഞ്ചുലക്ഷം കുട്ടികള്‍ കൊഴിഞ്ഞ സ്ഥാനത്ത് പത്തുലക്ഷം കുട്ടികളെ പൊതുവിദ്യാഭ്യാസമേഖലയിലേക്കു തിരികെയെത്തിക്കാന്‍ സർക്കാരിനു കഴിഞ്ഞു.
ഈ സര്‍ക്കാരിന്റെ കാലത്തു മൂന്നു സര്‍വകലാശാലകൾ രാജ്യത്തെ 12 മികച്ച സര്‍വകലാശാലകളില്‍ ഇടംനേടി. അക്കാദമിക് നിലവാരം വര്‍ധിച്ചു. ഈ നേട്ടം മുന്നോട്ടു കൊണ്ടുപോകുന്നതിന്റെ ഭാഗമായാണു സ്വകാര്യ യൂണിവേഴ്സിറ്റികളുമായി മുന്നോട്ടു പോകുന്നത്.
രാജ്യത്തെ 26 സംസ്ഥാനങ്ങളില്‍ സ്വകാര്യ യൂണിവേഴ്സിറ്റികളുണ്ട്. സംവരണവും ഫീസ് നിയന്ത്രണവും ഉള്‍പ്പെടെ സാമൂഹികനീതി പ്രതിഫലിപ്പിക്കുന്ന സര്‍വകലാശാല ബില്ലാണു നിയമസഭയില്‍ അവതരിപ്പിക്കുക.
സിപിഎം തൃശൂര്‍ ജില്ലാ സമ്മേളനത്തിന്റെ സമാപനസമ്മേളനം കുന്നംകുളത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പിണറായി വിജയന്.