മനുഷ്യൻ ബലിയാടാകുന്പോൾ ഫണ്ട് വെട്ടി സർക്കാർ
Wednesday, February 12, 2025 1:42 AM IST
കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ വന്യജീവി ആക്രമണങ്ങളിൽ ദിനംപ്രതി മനുഷ്യ ജീവനുകൾ പൊലിയുന്പോൾ വന്യജീവി ആക്രമണം തടയുന്നതിനായി വകയിരുത്തിയ ഫണ്ട് വെട്ടിക്കുറച്ചു സർക്കാർ.
കാട്ടാനയും കടുവയും പുലിയുമൊക്കെ നാട്ടിലിറങ്ങി മനുഷ്യജീവനുകൾക്കു ഭീഷണിയാകുന്പോൾ ഇതു തടയാൻ സംസ്ഥാന സർക്കാർ ബജറ്റിൽ വകയിരുത്തിയ തുകയാണു സാന്പത്തിക പ്രതിസന്ധിയുടെ പേരിൽ വെട്ടിക്കുറച്ചത്.
വന്യജീവികൾ നാട്ടിലിറങ്ങുന്നതു തടയാൻ സൗരോർജ വേലികൾ (സോളാർ ഫെൻസിംഗ്) സ്ഥാപിക്കുന്നതിന് അടക്കം കഴിഞ്ഞ ബജറ്റിൽ വകയിരുത്തിയ 48.85 കോടി രൂപ, സാന്പത്തിക പ്രതിസന്ധിയുടെ പേരിൽ 5.85 കോടി രൂപ വെട്ടിക്കുറച്ചിരുന്നു.
ഇതോടെ വന്യമൃഗ ആക്രമണം തടയാൻ 43 കോടി രൂപ മാത്രമായി ചുരുങ്ങി. പ്ലാൻ ഫണ്ട് വെട്ടിച്ചുരുക്കാനുള്ള മന്ത്രിസഭാ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണു മനുഷ്യ- വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി നീക്കിവച്ച തുകയിൽ വെട്ടി കുറവു വരുത്താൻ തീരുമാനിച്ചതെന്നാണ് ഇതുസംബന്ധിച്ച രേഖകൾ വ്യക്തമാക്കുന്നത്.
വയനാട്ടിലെ നൂൽപ്പുഴയിലും ഇടുക്കിയിലും തിരുവനന്തപുരം പാലോടുമൊക്കെ കാട്ടാന ആക്രമണങ്ങൾ തുടർച്ചയായി മരണങ്ങളില് റിപ്പോർട്ട് ചെയ്യുന്നതിനിടെയാണു വനം വകുപ്പിന് അനുവദിച്ച തുക ധനവകുപ്പ് വെട്ടിയത്.
ഫെൻസിംഗുകൾ സ്ഥാപിക്കാത്തതിനാൽ കാട്ടുപന്നികൾ അടക്കമുള്ളവയുടെ ആക്രമണത്തിൽ നിരവധി ഹെക്ടർ കാർഷിക വിളകളും നശിച്ചു. കർഷകർക്കു കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ് ഇതുവഴിയുണ്ടായത്.
വന്യമൃഗ ആക്രമണം തടയുന്നതിനുള്ള ഫണ്ട് വെട്ടിയതിനൊപ്പം വന്യമൃഗങ്ങളെ കാട്ടിൽതന്നെ പിടിച്ചു നിർത്തുന്നതിനുള്ള പദ്ധതികളായ വന്യജീവി ആവാസ വ്യവസ്ഥയുടെ വികസനവും പ്രത്യേക സംരക്ഷണവും ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്ന വന്യജീവികളെ സംരക്ഷിക്കുന്നതിനുള്ള സംസ്ഥാന വിഹിതം തുടങ്ങിയവയിലും വെട്ടിക്കുറവു വരുത്തി.
സംസ്ഥാന വിഹിതം വെട്ടിക്കുറയ്ക്കുന്പോൾ ഇത്തരം കാര്യത്തിനു കേന്ദ്ര സർക്കാർ വിഹിതത്തിലും ആനുപാതികമായി കുറവു വരും. ഇതു വന്യജീവി ആക്രമണങ്ങൾ തടയുന്നതിനുള്ള പദ്ധതി പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിക്കും.
സാന്പത്തിക പ്രതിസന്ധി മറികടക്കാൻ ന്യൂനപക്ഷ സ്കോളർഷിപ്പും പട്ടികജാതി- വർഗ വികസന ഫണ്ടും അടക്കമുള്ള പദ്ധതി വിഹിതങ്ങൾ വെട്ടിക്കുറയ്ക്കുന്നതിനു പിന്നാലെയാണു സംസ്ഥാനം നേരിടുന്ന അതിഗുരുതരമായ വന്യജീവി ആക്രമണം തടയുന്നതിനുള്ള ഫണ്ടും വെട്ടിയത്.
കഴിഞ്ഞ ഏഴു വർഷമായി 60,000ത്തോളം വന്യജീവി ആക്രമണങ്ങളാണ് സംസ്ഥാനത്തുണ്ടായതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 8,000ത്തോളം പേർക്ക് പരിക്കേറ്റു.
വന്യജീവി ആക്രമണം തടയാൻ 70.40 കോടി രൂപയാണ് ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ വകയിരുത്തിയത്. നടപ്പു സാന്പത്തിക വർഷത്തെ അപേക്ഷിച്ച് 21.55 കോടി അധികമുണ്ടെങ്കിലും ഇതിലും ഫണ്ട് വെട്ടിക്കുറയ്ക്കുമോ എന്ന ആശങ്കയുമുണ്ട്.