പാലക്കാട്ടെ ഡിസ്റ്റിലറി നീക്കം ഉപേക്ഷിക്കണം: ആക്ട്സ്
Wednesday, February 12, 2025 1:42 AM IST
തിരുവനന്തപുരം: കേരളത്തിൽ മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറയ്ക്കുമെന്ന 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രികയിലെ വാഗ്ദാനം പിണറായി സർക്കാർ നിരന്തരം ലംഘിക്കുകയാണെന്ന് ഇന്ത്യയിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സ് കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് പുതിയ ഡിസ്റ്റിലറികൾ അനുവദിക്കില്ലെന്ന 1996 ലെ ഇ.കെ. നായനാർ സർക്കാരിന്റെ തീരുമാനവും കാറ്റിൽ പറത്തി സംസ്ഥാനത്തെ മദ്യാലയമാക്കുവാനുള്ള നീക്കമാണ് പിണറായി സർക്കാർ ഇപ്പോൾ നടത്തുന്നതെന്ന് ആക്ട്സ് നേതൃയോഗം അഭിപ്രായപ്പെട്ടു.
ആകട്സ് രക്ഷാധികാരി ബിഷപ് മാത്യൂസ് മാർ സിൽവാനോസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, ലെബി ഫിലിപ്പ് മാത്യു, സാജൻ വേളൂർ, ഡെന്നിസ് ജേക്കബ്, പ്രഫ. ഷേർളി സ്റ്റുവർട്ട്, കുരുവിള മാത്യൂസ്, അഡ്വ. ചാർളി പോൾ തുടങ്ങിയവർ പ്രസംഗിച്ചു. എലപ്പുള്ളിയിലെ നിർദിഷ്ട ഡിസ്റ്റിലറി നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കും ഘടകകക്ഷി നേതാക്കൾക്കും കത്തു നൽകുവാനും യോഗം തീരുമാനിച്ചു