കേരളത്തിൽ നടക്കുന്നത് കേട്ടാൽ ചങ്ക് തകർന്നു പോകുന്ന കാര്യങ്ങളെന്ന് സതീശൻ
Wednesday, February 12, 2025 1:42 AM IST
തിരുവനന്തപുരം: ലഹരിയുടെ കേന്ദ്രമായി കേരളം മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ലഹരി വ്യാപനത്തിനെതിരേ നിയമനടപടികൾ കർശനമാക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തര പ്രമേയ ചർച്ചയിൽ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അയൽ സംസ്ഥാനങ്ങളിൽനിന്നുൾപ്പെടെ കേരളത്തിലേക്കു ലഹരിയുടെ ഒഴുക്കാണ്. എം.ഡി.എം.എയും എൽ.എസ്.ഡി സ്റ്റാന്പുകളും ഉൾപ്പെടെയുള്ള രാസലഹരിയാണ് കേരളത്തിലേക്ക് വരുന്നത്. പഴയ കഞ്ചാവിന്റെ കാലമൊക്കെ പോയി. കഞ്ചാവിന്റെ ഉപയോഗം കുറയാൻ കാരണം രാസലഹരി വസ്തുക്കളുടെ ഉപയോഗം കൂടിയതാണ്. രാസലഹരിക്ക് അടിമകളാകുന്നവർ ജീവിതത്തിലേക്കു മടങ്ങിവരുന്നില്ല. അവർ മരണത്തിലേക്കുള്ള യാത്രയാണ് തുടങ്ങുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഇതേ വിഷയം 2022 ലും പ്രതിപക്ഷം ഗൗരവത്തോടെ കൊണ്ടുവന്നു. അന്ന് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ഇടപെട്ടു. എല്ലാ കാര്യത്തിലും പ്രതിപക്ഷം പിന്തുണ വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രി അതിനെ അഭിനന്ദിച്ചു. നമുക്ക് ഒന്നിച്ച് തുടങ്ങാമെന്നും പറഞ്ഞു. മൂന്നു വർഷമായിട്ടും ഒന്നും നടന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.2022 ൽ ചർച്ച ചെയ്യുന്പോൾ ഉണ്ടായിരുന്നതിന്റെ പതിന്മടങ്ങ് ലഹരി ഉപയോഗം ഇന്ന് വർധിച്ചു. പുറത്ത് ഇറങ്ങി നടക്കാൻ ആളുകൾക്ക് പേടിയാണ്. എവിടെ വച്ചും ഏത് നിരപരാധിയും ആക്രമിക്കപ്പെടാമെന്ന അവസ്ഥയാണ്.
അതിനൊക്കെ പരിഹാരമായി ഞങ്ങൾ വിമുക്തി നടത്തുന്നുണ്ട്, കാന്പയിൻ നടത്തുന്നുണ്ട് എന്നു പറയുന്നതിൽ ഒരു അർത്ഥവുമില്ല. എൻഫോഴ്സ്മെന്റാണ് പ്രധാനം. എല്ലാ ശക്തിയും ഉപയോഗിച്ച് എൻഫോഴ്സ്മെന്റ് ശക്തിപ്പെടുത്തുകയാണ് വേണ്ടത്. മറ്റൊരാളോടു പറയാൻ പോലും പറ്റാത്ത തരത്തിലുള്ള സംഭവങ്ങളാണു കുടുംബത്തിനകത്തും പുറത്തും നടക്കുന്നത്.
നമ്മുടെ കുട്ടികളെ നമ്മൾ കൊലയ്ക്ക് കൊടുക്കരുത്. ഉത്തരവാദിത്ത ബോധത്തോടെയാണ് പ്രതിപക്ഷം ഈ വിഷയം അവതരിപ്പിച്ചത്. കേട്ടാൽ ചങ്ക് തകർന്നു പോകുന്ന കാര്യങ്ങളാണ് കേരളത്തിൽ നടക്കുന്നത്. ഉറച്ച നിലപാടോടെയുള്ള ഗൗരവതരമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.