കാട്ടുപന്നി ബൈക്കിൽ ഇടിച്ച് ദമ്പതികൾക്കു ഗുരുതര പരിക്ക്
Wednesday, February 12, 2025 1:42 AM IST
വേലൂപ്പാടം(തൃശൂർ): പുലിക്കണ്ണി റോഡില്‍ കാട്ടുപന്നി ബൈക്കിൽ വന്നിടിച്ചു ദമ്പതികള്‍ക്കു പരിക്കേറ്റു. വേലൂപ്പാടം പൗണ്ട് സ്വദേശികളായ കുറിയോടത്ത് അലിയാര്, ഭാര്യ മാഷിത എന്നിവര്‍ക്കാണു പരിക്കേറ്റത്.
ഇന്നലെ പുലര്‍ച്ചെ നാലിനു കെഎഫ്ആര്ഐക്കു സമീപമായിരുന്നു അപകടം. ടാപ്പിംഗ് തൊഴിലാളികളായ ഇരുവരും ജോലിക്കു പോകുന്നതിനിടെയായിരുന്നു അപകടം.
ഓടിക്കൊണ്ടിരുന്ന ബൈക്കിൽ കാട്ടുപന്നി പാഞ്ഞുവന്ന് ഇടിക്കുകയായിരുന്നു. റോഡിലേക്കു തെറിച്ചുവീണാണു രണ്ടാൾക്കും ഗുരുതരമായി പരിക്കേറ്റത്.
റോഡിൽ കിടന്ന ഇരുവരെയും നാട്ടുകാരാണു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്.