ഹൃദയം നുറുങ്ങുന്ന വേദനയിൽ സോഫിയയ്ക്ക് അന്ത്യയാത്ര
Wednesday, February 12, 2025 2:42 AM IST
മുണ്ടക്കയം ഈസ്റ്റ്: ഇടുക്കി പെരുവന്താനം കൊമ്പൻപാറയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സോഫിയയുടെ മൃതദേഹം ചെന്നാപ്പാറ ജുമാ മസ്ജിദ് അങ്കണത്തിൽ പൊതുദർശനത്തിന് എത്തിച്ചപ്പോൾ വികാരനിർഭരമായ രംഗങ്ങളാണ് അരങ്ങേറിയത്.
ചേതനയേറ്റ അമ്മയുടെ മൃതദേഹം ആംബുലൻസിൽനിന്ന് ഇറക്കിയപ്പോൾ ദുഃഖം താങ്ങാനാകാതെ മകൻ ഷെയ്ഖ് മുഹമ്മദും മകൾ ആമിനയും പൊട്ടിക്കരഞ്ഞു. സഹപാഠികൾ ചേർന്ന് ഇവരെ ആശ്വസിപ്പിച്ചു.
സോഫിയായ് ക്കൊപ്പം ജോലിചെയ്തിരുന്ന തൊഴിലുറപ്പ് തൊഴിലാളികളായ വനിതകളും തങ്ങളുടെ പ്രിയ കൂട്ടുകാരിയെ നഷ്ടപ്പെട്ട വേദനയിൽ നെഞ്ചുരുകി കരഞ്ഞു.
എല്ലാവരെയും തനിച്ചാക്കി സോഫിയ യാത്രയായപ്പോൾ ഇനി തനിക്കും അംഗപരിമിതയായ മകൾക്കും ആരുണ്ടെന്ന ഹൃദയ വേദനയിൽ ഇസ്മായിലും വിതുമ്പി. കണ്ടുനിന്നവരുടെ ഹൃദയം നുറുങ്ങുന്ന കാഴ്ചകളായിരുന്നു ഇവിടെ.