വനത്തിൽ സിസിടിവി കാമറ; പ്രായോഗികമല്ലെന്നു മന്ത്രി
Wednesday, February 12, 2025 1:42 AM IST
തിരുവനന്തപുരം: വന്യജീവികൾ കാടിറങ്ങുന്നത് മുൻകൂട്ടി അറിയാനായി വനത്തിൽ സിസിടിവി കാമറകൾ സ്ഥാപിക്കുന്നത് പൂർണമായും പ്രായോഗികമല്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ.
കാമറകൾ സ്ഥാപിച്ചാലും പടർപ്പുകൾ വളർന്ന് ദൃശ്യങ്ങൾക്കു തടസമുണ്ടാകുന്ന സ്ഥിതിയുണ്ട്. മുൻകാലങ്ങളിൽ നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ വെടിവയ്ക്കുന്നതിൽ കാലതാമസം വന്നിട്ടുണ്ട്.
എന്നാൽ ആറു മാസത്തിനിടെ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടില്ല. വന്യമൃഗശല്യം നേരിടുന്നതിനുള്ള മനുഷ്യശേഷിയുടെ അപര്യാപ്തതയുണ്ട്. സംസ്ഥാനത്താകെ 20 ഫോറസ്റ്റ് സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള ശിപാർശ ധനവകുപ്പിന് സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
വേനൽക്കാലത്ത് ഭക്ഷണം ഉറപ്പാക്കും
വേനൽക്കാലത്ത് വന്യമൃഗങ്ങൾക്കു ജലവും ഭക്ഷണവും ഉറപ്പാക്കാൻ മിഷൻ ഫുഡ്, ഫോഡർ ആൻഡ് വാട്ടർ പദ്ധതി ആരംഭിച്ചതായി മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. സംസ്ഥാനത്ത് 273 പഞ്ചായത്തുകൾ വന്യജീവി സംഘർഷബാധിത പ്രദേശങ്ങളായി കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.വന്യജീവി ആക്രമണത്തിന് ഇരയാകുന്നവർക്കുള്ള സർക്കാർ ധനസഹായം പരിഷ്കരിക്കുന്നതു പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.
ആശ്രിതർക്ക് നിയമനം: പരിഗണനയിലെന്നു മന്ത്രി
വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്കു സർക്കാർ ജോലി നൽകുന്ന കാര്യം പരിഗണനയിലെന്നു മന്ത്രി എ.കെ. ശശീന്ദ്രൻ. ആശ്രിത നിയമനം കൊടുക്കാൻ കഴിയുമോ എന്ന കാര്യം സർക്കാർ ചർച്ച ചെയ്തുവരികയാണെന്നും വാഴൂർ സോമന്റെ സബ്മിഷനു മറുപടിയായി മന്ത്രി അറിയിച്ചു.