നമ്മുടെ കുഞ്ഞുങ്ങളെ കൊലയ്ക്കു കൊടുക്കണോ?
Wednesday, February 12, 2025 1:42 AM IST
സാബു ജോണ്
തിരുവനന്തപുരം: “നമ്മുടെ കുഞ്ഞുങ്ങളെ കൊലയ്ക്കു കൊടുക്കണോ നമ്മൾ? കുഞ്ഞുങ്ങളെ വിധിക്കു വിട്ടു കൊടുക്കണോ? കേട്ടാൽ ചങ്കു തകർന്നു പോകുന്ന കാര്യങ്ങളാണു നമ്മുടെ കേരളത്തിൽ നടക്കുന്നത്.”- പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റേതായിരുന്നു വികാരനിർഭരമായ ഈ വാക്കുകൾ.
സംസ്ഥാനത്തു ലഹരിയുടെ വ്യാപനം ഉയർത്തുന്ന ഭീഷണികളേക്കുറിച്ചു പി.സി. വിഷ്ണുനാഥ് നോട്ടീസ് നൽകിയ അടിയന്തരപ്രമേയത്തിന്റെ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുന്പോഴായിരുന്നു സതീശൻ ഉള്ളുലയ്ക്കുന്ന ചോദ്യങ്ങൾ ഉയർത്തിയത്.
2022 ൽ പി.സി. വിഷ്ണുനാഥ്തന്നെ കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിൽ മറുപടി നൽകുന്പോൾ, ലഹരിയുടെ വിപത്തിനെതിരേ ഒരുമിച്ചു നീങ്ങാമെന്നു പറഞ്ഞിട്ട് എന്തെങ്കിലും നടന്നോ എന്നായിരുന്നു സതീശന്റെ ചോദ്യം.
വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ടാണു സഭ നിർത്തിവച്ചു വിഷയം ചർച്ച ചെയ്യാമെന്നു സർക്കാർ സമ്മതിച്ചത്. സമീപകാലത്ത് കേരളത്തെ നടുക്കിയ സംഭവങ്ങൾ ഒന്നൊന്നായി വിവരിച്ചു കൊണ്ടു വിഷ്ണുനാഥ് നടത്തിയ അവതരണം ലഹരിവിപത്തിന്റെ ഗൗരവം നന്നായി ഉൾക്കൊള്ളുന്നതായിരുന്നു.
ലഹരിപദാർഥങ്ങൾ സംസ്ഥാനത്തു സുലഭമായി ലഭ്യമാണെന്നു വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി. നടപടി വൈകുന്ന ഓരോ നിമിഷവും ഒരു തലമുറ നമ്മുടെ കൈയിൽനിന്നു വഴുതിപ്പോകുകയാണെന്നു വിഷ്ണുനാഥ് മുന്നറിയിപ്പു നൽകി.
ലഹരി വ്യാപനമുണ്ടെന്നു സമ്മതിക്കുന്പോഴും കേരളം ലഹരിമാഫിയയുടെ പിടിയിലാണെന്ന വാദം അംഗീകരിച്ചുകൊടുക്കാൻ ഭരണപക്ഷം തയാറല്ലായിരുന്നു. ലഹരിവ്യാപനത്തിനു പിന്നിലൊരു രാഷ്ട്രീയമുണ്ടെന്നും ഭരണപക്ഷം കണ്ടെത്തി.
കേരളത്തിൽ ഇടതുപക്ഷത്തിനു സ്വാധീനമുള്ള തലമുറ വളർന്നുവരുന്നതിൽ അസ്വസ്ഥതയുള്ള ലോബിയാണു ലഹരിവ്യാപനത്തിനു പിന്നിലെന്നാണ് എ. പ്രഭാകരന്റെ പക്ഷം. കുട്ടികളെ പിഞ്ചുപ്രായത്തിൽ തന്നെ ലഹരിക്ക് അടിമകളാക്കി കേരളത്തെ തകർക്കുകയാണത്രേ ഇവരുടെ ലക്ഷ്യം.
കേരളത്തെ തകർക്കാനുള്ള വിദേശകരങ്ങൾ ഇതിനു പിന്നിലുണ്ടെന്നാണു പി. ബാലചന്ദ്രന്റെ വാദം. കേരളം ലഹരിയുടെ കേന്ദ്രം എന്ന പ്രതീതി ജനിപ്പിക്കുന്ന തരത്തിലാണു പ്രതിപക്ഷാംഗങ്ങൾ സംസാരിക്കുന്നതെന്നു കെ.എം. സച്ചിൻദേവ് കുറ്റപ്പെടുത്തി. കഞ്ചാവ് ഉപയോഗത്തിലുൾപ്പെടെ കേരളം യഥാർഥത്തിൽ രാജ്യത്തുതന്നെ ഏറ്റവും പിന്നിലാണത്രേ.
ഡിവൈഎഫ്ഐ പോലുള്ള യുവജനപ്രസ്ഥാനങ്ങൾ ലഹരിയുടെ വ്യാപനത്തിനെതിരെ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ടെന്നും സച്ചിൻദേവ് പറഞ്ഞു. നിരോധനം ഒന്നിനും പരിഹാരമല്ലെന്നു കെ.വി. സുമേഷ് പറഞ്ഞു. പുതിയ തലമുറയെ അരാഷ്ട്രീയ, അരാജകത്വ സ്വഭാവത്തിലേക്കു മാറ്റുന്ന അന്താരാഷ്ട്ര ഗൂഢാലോചനയെപ്പറ്റിയാണ് സുമേഷ് പറഞ്ഞത്.
ലഹരിമാഫിയയെ കയറൂരി വിട്ടിരിക്കുകയാണെന്നു കെ. അൻവർ സാദത്ത് കുറ്റപ്പെടത്തി. ഇവർക്കെതിരേ നടപടിയെടുക്കാൻ പോലീസ്, എക്സൈസ് ഉദ്യോഗസ്ഥർക്കു ഭയമാണെന്നും അൻവർ സാദത്ത് പറഞ്ഞു. എക്സൈസിനെ ശാക്തീകരിക്കണമെന്നും കായികവിനോദങ്ങൾ പ്രചരിപ്പിക്കണമെന്നും ചർച്ചയിൽ പങ്കെടുത്തവരെല്ലാം അഭിപ്രായപ്പെട്ടു.
ലഹരിയുടെ വ്യാപനം ഉണ്ടാകുന്നുണ്ടെന്നു സമ്മതിച്ച എക്സൈസ് മന്ത്രി എം.ബി. രാജേഷിനു പക്ഷേ, കേരളം ലഹരിയുടെ കേന്ദ്രമാണെന്ന പ്രതിപക്ഷ നേതാവിന്റെ അഭിപ്രായത്തോടു കടുത്ത വിയോജിപ്പുണ്ട്. കണക്കുകൾ നിരത്തി, കേരളം ലഹരി ഉപയോഗത്തിൽ രാജ്യത്തു മുന്നിലല്ലെന്നും ലഹരിക്കെതിരായ നടപടികളിൽ മുന്നിലാണെന്നും സ്ഥാപിക്കാനായിരുന്നു മന്ത്രി ശ്രമിച്ചത്.
ബജറ്റ് ചർച്ചയിൽ അവഗണനയുടെ പുതിയ കഥകളുമായി പ്രതിപക്ഷാംഗങ്ങൾ ഇന്നലെയും സഭയിലെത്തി. കാസർഗോഡും മഞ്ചേശ്വരവും കേരളത്തിന്റെ ഭാഗമല്ലേ എന്നായിരുന്നു മഞ്ചേശ്വരത്തിന്റെ പ്രതിനിധിയായ എ.കെ.എം. അഷ്റഫ് ചോദിച്ചത്.
ബിജെപി ശക്തികേന്ദ്രത്തിൽ മതേതരത്വം കാത്തുസൂക്ഷിക്കാൻ അതിശക്തമായ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന മഞ്ചേശ്വരം, കാസർഗോഡ് മണ്ഡലങ്ങൾ പ്രത്യേക പരിഗണന അർഹിക്കുന്നു എന്നായിരുന്നു അഷ്റഫിന്റെ വാദം.
ബജറ്റിൽ ഓരോ മേഖലയ്ക്കും തുക വകയിരുത്തി, വകയിരുത്തി എന്നു പറയുന്നതിനു പകരം ഓരോ മേഖലയും വകവരുത്തി എന്നു പറയുന്നതാകും ശരി എന്നു സി.ആർ. മഹേഷ് പറഞ്ഞു. ബജറ്റിന്റെ പൊതുചർച്ച ഇന്ന് അവസാനിക്കും.