വെള്ളിയാഴ്ച ഉച്ചകഴിഞ്ഞുള്ള ഹയർ സെക്കൻഡറി പരീക്ഷാസമയത്തിൽ മാറ്റം
Wednesday, February 12, 2025 1:41 AM IST
തിരുവനന്തപുരം: വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു നടത്തുന്ന ഹയർ സെക്കൻഡറി പരീക്ഷകളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയതായി മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു. വെള്ളിയാഴ്ചകളിലെ പരീക്ഷ ഉച്ചകഴിഞ്ഞു രണ്ടിനു തുടങ്ങി വൈകുന്നേരം 4.45ന് അവസാനിക്കും.
നേരത്തേ ഇത് 1.30ന് തുടങ്ങി 4.15ന് അവസാനിക്കുന്ന തരത്തിലായിരുന്നു പരീക്ഷാ കലണ്ടർ.
ഹയർ സെക്കൻഡറി പരീക്ഷ നടക്കുന്ന വെള്ളിയാഴ്ചകളിലെ സമയത്തിലാണു മാറ്റം.
മാർച്ച് മൂന്നു മുതൽ 26 വരെ പ്ലസ്ടു, മാർച്ച് ആറു മുതൽ 29 വരെ പ്ലസ് വണ്‍ പരീക്ഷകൾ നടത്തും. പ്ലസ് വണ്‍ ഇംപ്രൂവ്മെന്റ് പരീക്ഷ ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയ്ക്കൊപ്പമാണു നടക്കുക.
മാർച്ചിലെ ചൂടു കാലാവസ്ഥയും റംസാൻ വ്രതവും പരിഗണിച്ച് എസ്എസ്എൽസി, സ്കൂൾ വാർഷിക പരീക്ഷകൾ രാവിലെയാണ് നടത്തുക. ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ആകെ 18 ദിവസം വേണ്ടിവരും. പരീക്ഷ മാറ്റിയാൽ ഫലപ്രഖ്യാപനം നീളുകയും കുട്ടികളുടെ ഉപരിപഠനത്തെ ബാധിക്കുകയും ചെയ്യും.
4.5 ലക്ഷം വിദ്യാർഥികൾ ഹയർ സെക്കൻഡറിയും 36 ലക്ഷം കുട്ടികൾ എസ്എസ്എൽസി- സ്കൂൾ പരീക്ഷകളും എഴുതുമെന്നും കുറുക്കോളി മൊയ്തീന്റെ സബ്മിഷനു മറുപടിയായി മന്ത്രി അറിയിച്ചു.