ഭൂനികുതി വർധന പിൻവലിക്കണം: കത്തോലിക്ക കോൺഗ്രസ്
Wednesday, February 12, 2025 1:42 AM IST
കൊച്ചി: ഭൂമിയുടെ നികുതി 50 ശതമാനം വർധിപ്പിച്ചതു നീതിയില്ലാത്തതും കടുത്ത ജനദ്രോഹവുമെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി.
സംസ്ഥാന ബജറ്റിലെ ഈ നിർദേശം ഉടൻ പിൻവലിക്കണം. കാർഷികോത്പന്നങ്ങളുടെ വിലയിടിവും വന്യമൃഗ ആക്രമണങ്ങളും മൂലം കാർഷിക മേഖല തകർന്നുനിൽക്കുമ്പോൾ ഭൂനികുതി അന്യായമായി വർധിപ്പിച്ചത് തികഞ്ഞ കർഷകദ്രോഹമാണ്.
കാർഷികമേഖലയുടെ വികസനത്തിനും റബർ ഉൾപ്പെടെയുള്ള കാർഷികോത്പന്നങ്ങളുടെ വിലസ്ഥിരതയ്ക്കും ബജറ്റ് പരിഗണന നൽകിയില്ല. ഭരണച്ചെലവും ധൂർത്തും തടയാനോ പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം കുറയ്ക്കാനോ നിർദേശങ്ങളില്ല.
ഈ ബജറ്റ് സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കു തള്ളിവിടുന്നതാണെന്നും ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിലിന്റെ ആധ്യക്ഷതയിൽ നടന്ന യോഗം ചൂണ്ടിക്കാട്ടി.
ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ഒഴുകയിൽ, ഭാരവാഹികളായ അഡ്വ. ടോണി പുഞ്ചക്കുന്നേൽ, ഡോ. കെ.എം. ഫ്രാൻസിസ്, ബെന്നി ആന്റണി, തോമസ് ആന്റണി, ഡോ. കെ.പി. സാജു, ടോമിച്ചൻ അയ്യരുകുളങ്ങര, ജേക്കബ് നിക്കോളാസ്, ആൻസമ്മ സാബു, അഡ്വ. ഷീജ സെബാസ്റ്റ്യൻ, അഡ്വ. മനു വരാപ്പള്ളി എന്നിവർ പ്രസംഗിച്ചു.