കാട്ടുപന്നി ബൈക്കിലിടിച്ച് കർഷകനു പരിക്ക്
Wednesday, February 12, 2025 1:42 AM IST
പാലാവയൽ: കാട്ടുപന്നി ബൈക്കിലിടിച്ച് കർഷകന് പരിക്കേറ്റു. ഓടക്കൊല്ലിയിലെ പൊയ്കയിൽ ഷാജി (55)ക്കാണ് പരിക്കേറ്റത്. ഇന്നലെ പുലർച്ചെ രണ്ടിനു വീട്ടിൽനിന്ന് കടുമേനിയിലെ കൃഷിയിടത്തിലേക്കു റബർ ടാപ്പിംഗിനായി പോകുമ്പോഴായിരുന്നു അപകടം.
വീട്ടിൽനിന്ന് അധികം അകലെയല്ലാതെ ഓടക്കൊല്ലി- പാലാവയൽ റോഡിൽ വച്ചാണ് റോഡിന് കുറുകെ ചാടിയ കാട്ടുപന്നി ബൈക്കിലിടിച്ചത്. ബൈക്ക് മറിഞ്ഞുവീണതിനെത്തുടർന്ന് സാരമായി പരിക്കേറ്റ ഷാജി വീണുകിടന്ന അവസ്ഥയിൽ മൊബൈൽഫോണെടുത്ത് വീട്ടിലേക്ക് വിളിച്ചാണ് വിവരമറിയിച്ചത്.
തുടർന്ന് മകനെത്തി പാലാവയലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. കൈകാലുകൾക്കും കഴുത്തിനുമാണു പരിക്കേറ്റിട്ടുള്ളത്.