അല്മായർ സമൂഹത്തിന്റെയും സംരക്ഷകരാകണം: കർദിനാൾ മാർ ക്ലീമിസ്
Wednesday, February 12, 2025 1:42 AM IST
തിരുവനന്തപുരം: മലങ്കര കത്തോലിക്കാസഭയുടെ പൊതുശബ്ദമായ മലങ്കര കാത്തലിക് അസോസിയേഷൻ പൊതുസമൂഹത്തിനു വേണ്ടിയും ഇടപെടലുകൾ നടത്തണമെന്ന് മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ.
മലങ്കര കാത്തലിക് അസോസിയേഷന്റെ 2025-26 വർഷത്തെ സഭാതല ഭാരവാഹികളുടെ സത്യപ്രതിജ്ഞാചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം കാതോലിക്കേറ്റ് സെന്ററിൽ നടന്ന ചടങ്ങിൽ എംസിഎ സഭാതല ചെയർമാൻ ബിഷപ് ജോഷ്വ മാർ ഇഗ്നാത്തിയോസ് മുഖ്യസന്ദേശം നൽകി.
കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് ഭാരവാഹികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. അടുത്ത പ്രവർത്തനവർഷം എംസിഎ സഭാതലത്തിൽ നടപ്പിലാക്കുന്ന കർമപദ്ധതികളുടെ അവലോകന യോഗത്തിന്റെ ഉദ്ഘാടനവും ജോഷ്വ മാർ ഇഗ്നാത്തിയോസ് നിർവഹിച്ചു. സഭാതല വൈദിക ഉപദേഷ്ടാവ് ഫാ. മാത്യൂസ് കുഴിവിള ആമുഖസന്ദേശം നൽകി.
എസ്.ആർ. ബൈജു പുത്തൂർ-പ്രസിഡന്റ്, രാജേന്ദ്രബാബു മാർത്താണ്ഡം-ജനറൽ സെക്രട്ടറി, അഡ്വ. എൽദോ പൂക്കുന്നേൽ മൂവാറ്റുപുഴ-ട്രഷറർ, ബെൻസി വർഗീസ് പത്തനംതിട്ട-വനിതാ സെക്രട്ടറി, അഡ്വ. ബിനോ ജോർജ് തിരുവനന്തപുരം, ഷിബു മാത്യു തിരുവല്ല, ഷാജി കൊയിലേരി ബത്തേരി, റെജി നെല്ലിള മാവേലിക്കര -വൈസ് പ്രസിഡന്റുമാർ, മേരിക്കുട്ടി വർഗീസ് ഡൽഹി, ഷേർളി ചെമ്മണ്ണൂർ പാറശാല, കുഞ്ഞുമോൾ സാം പൂന-വനിത വൈസ് പ്രസിഡന്റുമാർ, ലാലി ജോസ് ബത്തേരി, വി.എ. ജോർജ് പൂന, അനിൽ വെള്ളൂർക്കോണം തിരുവനന്തപുരം. അഡ്വ. ഏബ്രഹാം പട്ട്യാനി ഡൽഹി- എക്സിക്യൂട്ടീവ് മെംബേഴ്സ് എന്നിവരാണു ചുമതലയേറ്റ പുതിയ ഭാരവാഹികൾ.