66 തീരദേശ ഗ്രാമപഞ്ചായത്തുകള്‍ക്ക് സിആര്‍സെഡില്‍ ഇളവ്
Saturday, June 22, 2024 3:55 AM IST
തിരുവനന്തപുരം: തീരദേശ പരിപാലന നിയമം (സിആര്‍സെഡ്) കാറ്റഗറി മൂന്നില്‍ നിന്നും രണ്ടിലേക്ക് മാറ്റപ്പെടുന്നതോടെ സംസ്ഥാനത്തെ 66 തീരദേശ ഗ്രാമപഞ്ചായത്തുകള്‍ക്ക് കൂടുതല്‍ ഇളവുകള്‍ ലഭിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്.
കരട് തീരദേശ പരിപാലന പ്ലാന്‍ കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥവ്യതിയാന മന്ത്രാലയം അംഗീകരിക്കുന്ന മുറയ്ക്കാണ് പുതിയ ഇളവുകള്‍ സംസ്ഥാനത്ത് ലഭ്യമാകുകയെന്നു മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
പൊക്കാളി പാടങ്ങളെയും അനുബന്ധ പ്രദേശങ്ങളെയും സിആര്‍സെഡ് നിയമത്തിന്റെ പരിധിയില്‍നിന്ന് പൂര്‍ണമായും ഒഴിവാക്കും.
സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് 1000 ചതുരശ്ര വിസ്തീര്‍ണത്തില്‍ കൂടുതല്‍ സ്ഥിതിചെയ്യുന്ന കണ്ടല്‍ക്കാടുകളുടെ ചുറ്റുമുണ്ടായിരുന്ന ബഫര്‍ സോണ്‍ പൂര്‍ണമായും ഒഴിവാക്കും.
തീരദേശ പരിപാലന നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന ഉള്‍നാടന്‍ ജലാശയങ്ങളുടെ നിര്‍മാണ നിരോധിത മേഖല 100 മീറ്ററില്‍ നിന്നും 50 മീറ്ററായി കുറയും.
2011ലെ തീരദേശപരിപാലന നിയമത്തില്‍ കൂടുതല്‍ ഇളവുകള്‍ ലഭിക്കുന്ന വിധമുള്ള ഭേദഗതി വിജ്ഞാപനം 2019 ജനുവരി 18ന് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് ലഭ്യമാകുന്ന ഇളവുകള്‍ സംസ്ഥാനത്തിന് പൂര്‍ണമായും ഉപകാരപ്പെടുന്ന രീതിയില്‍ പഠിച്ച് ശിപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ പരിസ്ഥിതി സെക്രട്ടറി ചെയര്‍മാനായി മൂന്നംഗ വിദഗ്ധ സമിതിയെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചു.
തുടര്‍ന്ന് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടുകൂടി പരിഗണിച്ച് കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചകള്‍ക്കുശേഷം തീരദേശവാസികള്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ കരട് തീരദേശപരിപാലന പ്ലാന്‍ തയാറാക്കി.
പത്ത് തീരദേശ ജില്ലകളിലും 2023 മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള കാലഘട്ടത്തില്‍ പബ്ലിക് ഹിയറിംഗ് നടത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.