രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; ജാമ്യവ്യവസ്ഥയിൽ ഇളവ്
Friday, October 25, 2024 2:21 AM IST
തിരുവനന്തപുരം: യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റും പാലക്കാട്ട് യുഡിഎഫ് സ്ഥാനാർഥിയുമായ രാഹുൽ മാങ്കൂട്ടത്തിലിനു ജാമ്യവ്യവസ്ഥയിൽ ഇളവനുവദിച്ച് കോടതി.
എല്ലാ തിങ്കളാഴ്ചയും തിരുവനന്തപുരത്ത് മ്യൂസിയം പോലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്ന ജാമ്യവ്യവസ്ഥ നവംബർ 13 വരെ ഒഴിവാക്കി. പോലീസിന്റെ എതിർപ്പ് തള്ളിയാണ് തിരുവനന്തപുരം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി ഉത്തരവ്.
ഒക്ടോബർ എട്ടിന് പ്രതിപക്ഷ യുവജന സംഘടനകളുടെ ആഭിമുഖ്യത്തിൽ നടത്തിയ നിയമസഭാ മാർച്ചിനെ തുടർന്നാണ് രാഹുൽ മാങ്കൂട്ടത്തിലിനെ ഉൾപ്പെടെ യുവജനസംഘടനാ പ്രവർത്തകരെ അറസ്റ്റ് ചെയ്തത്.
റിമാൻഡിലായിരുന്ന രാഹുലിനു പിന്നീട് ജാമ്യം അനുവദിച്ചു. എല്ലാ തിങ്കളാഴ്ചയും മ്യൂസിയം പോലീസ് സ്റ്റേഷനിലെത്തി ഒപ്പുവയ്ക്കണമെന്ന വ്യവസ്ഥയോടെ ആയിരുന്നു ജാമ്യം അനുവദിച്ചത്.
ഉപതെരഞ്ഞെടുപ്പിൽ പാലക്കാട്ട് സ്ഥാനാർഥി ആയതിനെത്തുടർന്നു രാഹുൽ ജാമ്യവ്യവസ്ഥയിൽ ഇളവുതേടി കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ ജാമ്യവ്യവസ്ഥയിൽ ഇളവു നൽകുന്നതു തെറ്റായ സന്ദേശം നൽകുമെന്നും രാഹുൽ വീണ്ടും കുറ്റകൃത്യത്തിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്നും മ്യൂസിയം പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞു.
എന്നാൽ, പോലീസിന്റെ നിലപാടു തള്ളി കോടതി ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ചു. രാഹുലിനെ റിമാൻഡ് ചെയ്ത സമയത്ത് 29-ാം പ്രതി ആയിരുന്നു. പിന്നീട് ഒന്നാം പ്രതിയാക്കി കോടതിയിൽ റിപ്പോർട്ട് നൽകുകയായിരുന്നു.