കൊടിക്കുന്നിലിനെ തഴഞ്ഞത് വ്യക്തമാക്കണം: മുഖ്യമന്ത്രി
Saturday, June 22, 2024 1:53 AM IST
തിരുവനന്തപുരം: പാർലമെന്ററി കീഴ്വഴക്കങ്ങൾ ലംഘിച്ചുകൊണ്ട് ലോക്സഭ പ്രോട്ടെം സ്പീക്കറെ നിയമിച്ച നടപടി പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
സഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിട്ടും മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷിനെ തഴഞ്ഞത് എന്തിനാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണം.
സംഘപരിവാർ പിന്തുടരുന്ന സവർണ രാഷ്ട്രീയമാണിതിനു പിന്നിലെന്ന് സംശയിക്കുന്നവർക്ക് എന്താണ് ബിജെപിയുടെ മറുപടി? കഴിഞ്ഞ ലോക്സഭയിൽ ഡെപ്യൂട്ടി സ്പീക്കർ പദവി അഞ്ചു വർഷവും ഒഴിച്ചിട്ടു. പ്രതിപക്ഷ കക്ഷിയിൽ പെട്ട ആരെയും അംഗീകരിക്കാൻ കഴിയില്ലെന്ന മനോഭാവം.
ബിജെപിയുടെ ധിക്കാര സമീപനം ജനാധിപത്യത്തോടുള്ള വെല്ലുവിളിയും അവഹേളനവുമായി മാത്രമേ കാണാൻ കഴിയൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.