കോട്ടയം: നീറ്റ് പരീക്ഷാ നടത്തിപ്പിലെ ക്രമക്കേട് രാജ്യം അഭിമുഖീകരിച്ച ഏറ്റവും വലിയ ദേശീയ ദുരന്തത്തിന് സമാനമാണെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ. മാണി. കേരളാ യൂത്ത് ഫ്രണ്ട് എം 54-ാം ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രണ്ടിലധികം സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിച്ചിട്ടും രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെ ബാധിച്ചിരിക്കുന്ന നീറ്റ് പരീക്ഷ നടത്തിപ്പിലെ ക്രമക്കേടിനെ കുറിച്ച് പ്രധാനമന്ത്രി തുടരുന്ന മൗനം ആശങ്കപ്പെടുന്നതാണ്.
സാധാരണക്കാരായ വിദ്യാര്‍ഥികള്‍ വര്‍ഷങ്ങളായി നടത്തുന്ന അധ്വാനത്തെ അവഹേളിക്കുന്ന സമീപനമാണിത്. ഇതിന് ശാശ്വത പരിഹാരം കാണുവാന്‍ ആവശ്യമായ ശക്തമായ നടപടികളാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതെന്നും ജോസ് കെ. മാണി പറഞ്ഞു. മന്ത്രി റോഷി അഗസ്റ്റിന് ജന്മദിന സന്ദേശം നല്കി.
യൂത്ത്ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടന് അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ് എം സംസ്ഥാന ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്, എംഎല്‍എമാരായ ജോബ് മൈക്കിള്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, കേരള കോണ്‍ഗ്രസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അലക്സ് കോഴിമല, സജി അലക്സ് കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു, സാജന് തൊടുക, റോണി മാത്യു, ഷേയ്ക്ക് അബ്ദുള്ള, ദീപക് മാമ്മന്‍ മത്തായി, ബിറ്റു വൃന്ദാവന്‍, റോണി വലിയപറമ്പില്‍, ബിന്സണ് ഗോമസ്, എല്‍ബി അഗസ്റ്റിന്, ശരത് ജോസ്, കെ.വൈ. സുനറ്റ്, ഡിനു ചാക്കോ, ചാര്‍ളി ഐസക്ക്, സുനില്‍ പയ്യപ്പള്ളി, ജോജി പി. തോമസ്, എസ്. അയ്യപ്പന്‍പിള്ള, മനു ആന്റണി, അജീഷ് കുമാര്‍, ബ്രൈറ്റ് വട്ടനിരപ്പേല്‍, മാത്യു നൈനാന്, വര്‍ഗീസ് ആന്റണി, പീറ്റര്‍ പാവറട്ടി എന്നിവര്‍ പ്രസംഗിച്ചു.